തുറവൂർ: ആലപ്പഴ ജില്ലയിലും അരൂരിലും വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിയത് യുഡിഎഫ് മന്ത്രിസഭയുടെ കാലത്താണെന്നും ഇപ്പോൾ പിണറായി സർക്കാറിന്റെ ദുർഭരണംമൂലം വികസന മുരടിപ്പാണെന്നും യുഡിഎഫ്.സംസ്ഥാന കണ്വീനർ ബെന്നി ബഹനാൻ എംപി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അരൂർ അസംബ്ലിയിൽ നിന്നും 680 വോട്ട് എൽഡിഎഫ് സ്ഥാനാർഥിയേക്കാൾ കൂടുതൽ യുഡിഎഫിന് നേടാൻ കഴിഞ്ഞത് ജനങ്ങളുടെ വിശ്വാസമാണെന്നും.
ഇത്തവണ തെരഞ്ഞെടുപ്പിൽ നല്ല ശോഭയോടു കൂടി യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെ വിജയിപ്പിക്കുന്നതിന് ജനവികാരം അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. അരൂർപാലം, കുന്പളങ്ങി പാലം, തൈക്കാട്ടുശേരി പാലം തുടങ്ങിയവയെല്ലാം പൂർത്തികരിച്ചത് യുഡിഎഫിന്റെ ഭരണനേട്ടമാണ്. യുഡിഎഫിന്റെ ഭരണകാലത്ത് ആരംഭിച്ച മാക്കേക്കടവ് നേരെക്കടവ് പാലം പണി പൂർത്തികരിക്കാൻ ഫണ്ട് പിണറായി സർക്കാർ അനുവദിക്കാത്തതുമൂലമാണ് നിർമാണം സ്തംഭിച്ച് കിടക്കുന്നത്.
വികസനം മുരടിച്ചു കിടക്കുന്പോൾ ജനങ്ങളെ കബളിപ്പിക്കാനാണ് പെരുന്പളം പാലത്തിന് തറക്കല്ലിട്ടത്. സമഗ്രവികസന പ്രവർത്തനങ്ങൾക്കാണ് യുഡിഎഫ് മുൻതൂക്കം നൽകുന്നത്. എൽഡിഎഫ് ഭരണത്തിൽ സ്വജനപക്ഷപാതവും അഴിമതിയും കൊലപാതകങ്ങളും ലോക്കൽ മർദനങ്ങളും പീഡനങ്ങളും വർധിച്ചുവരികയാണ്. അരൂരിൽ ഉൾപ്രദേശങ്ങളിലെ നീർവഴികൾ ഇപ്പോഴും ശോച്യാവസ്ഥയിലാണ്.ഇതിന് പരിഹാരമുണ്ടാക്കുന്നതിന് സമഗ്ര വികസനത്തിന് യുഡിഎഫ് സ്ഥാനാർഥി വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുകയാണ്. കിഴക്കൻ മേഖലയിലെ പന്പാപാതയുടെ വികസനവും പൂർത്തികരിക്കേണ്ടതുണ്ട്.
ഉമ്മൻചാണ്ടി സർക്കാർ നൽകിയിരുന്ന ജനകീയ ക്ഷേമപദ്ധതികളും പെൻഷനുകളും നിർത്തലാക്കിയിരിക്കുകയാണ്. വികസനവും കരുതലും ഇല്ലാതെയുള്ള ദുർഭരണമാണ് കേരളത്തിലെ സാന്പത്തിക സ്ഥിതി മോശമാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായധനം പോലും നൽകാൻ കഴിയാത്ത ദയനിയ സ്ഥിതിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് ആശ്വാസകരമായിരുന്ന കാരുണ്യ ലോട്ടറി, വൃക്ക, കാൻസർ, ഹാർട് എന്നിവ രോഗികൾക്ക് നൽകി വന്നിരുന്നതുപോലും ഈ സർക്കാർ നിർത്തലാക്കി. ഓണത്തിന് ബിപിഎൽ വിഭാഗക്കാർക്ക് നൽകി വന്നിരുന്ന ഓണക്കിറ്റ് പോലും സർക്കാരിന് ഇത്തവണ നൽകാൻ കഴിയാത്ത സ്ഥിതിയിലായി.
പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ ജനങ്ങളിൽ നിന്നും ജീവനക്കാരിൽ നിന്ന് സ്വരുപിച്ച തുക പോലും പ്രളയബാധിതർക്ക് നൽകിയില്ല. പ്രളയ ദുരിതാശ്വാസ ക്യാന്പിൽ താമസിച്ച ഒരുലക്ഷത്തോളം പേർക്ക് പതിനായിരം വീതം നൽകുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത് കേരളത്തിൽ വികസന കുതിപ്പാണെന്ന വാദം ജനങ്ങൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തള്ളിക്കളഞ്ഞു.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കെല്ലാം ഉടൻ വീട് നിർമിച്ചു നൽകുമെന്നു പറഞ്ഞിരുന്നു. വിവരാവകാശരേഖ പ്രകാരം 1500 വീടുകൾ മാത്രമേ പൂർത്തികരിക്കാൻ കഴിഞ്ഞിട്ടുള്ളുവെന്ന് വ്യക്തമായി. 13.8 കോടി തുക കഐസ്ഇബിയിൽ നിന്നും ലഭിച്ചതും വിതരണം ചെയ്തില്ല. ധനകാര്യ വകുപ്പ് പ്രളയ സെസ് ഏർപ്പെടുത്തിയതോടെ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി. 1,200 കോടി തുകയ്ക്ക് പുറമേ 1,800 കോടി കൂടി സെസ് പ്രകാരം സ്വരുപിച്ചു. ഇതൊന്നും സർക്കാർ വിതരണം നടത്താതെ ഖജനാവ് ധൂർത്തടിക്കുകയാണ്.
കേരളത്തിൽ അക്രമങ്ങളും കൊലപാതകവും മോഷണവും പീഡനവും വർധിച്ചു വരുന്നതിൽ ജനങ്ങൾ ഭയപ്പെട്ടു കഴിയുകയാണെന്നും പറഞ്ഞു. സയനൈഡ് കൊലപാതകത്തിൽ സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി പ്രതിയായപ്പോൾ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിതിരിക്കുകയാണ്. കൊലയാളികൾക്കും അക്രമികൾക്കും സംരക്ഷണം നൽകുന്ന സർക്കാരായി മാറിയിരിക്കുകയാണ്. സിപിഎമ്മിന്റെ ഉന്നതരായ പല നേതാക്കളും പല കേസുകളിൽപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുകയാണ്. കൊലപാതക കേസുകളും സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് ജനകീയാവശ്യമെന്ന് അദ്ദേഹം പറഞ്ഞു.