എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: തന്റെ രാഷ്ട്രീയ തട്ടകമായിരുന്ന എ ഗ്രൂപ്പിനെ കാലുവാരി മറുകണ്ടം ചാടിയ കോൺഗ്രസ് നേതാവ് ബെന്നി ബഹനാനു കിട്ടിയത് എട്ടിന്റെ പണി. ഇപ്പോൾ എ ഗ്രൂപ്പും ഐ ഗ്രൂപ്പും കൈവിട്ട അവസ്ഥയിലാണ് യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ നിർബന്ധിതനായ ചാലക്കുടി എംപി ബെന്നി ബഹനാൻ.
ഉമ്മൻ ചാണ്ടിയുടെ അന്ത്യശാസനവും എ ഗ്രൂപ്പിന്റെ എതിർപ്പും മറികടന്നു യുഡിഎഫ് കൺവീനർ സ്ഥാനത്തു തുടർന്ന ബെന്നി ബഹനാന് ഒടുവിൽ രാജി വയ്ക്കേണ്ടി വന്നത് ഉമ്മൻ ചാണ്ടിയുടെ ഉറച്ച നിലപാടു കാരണം.
കൺവീനർ സ്ഥാനം സ്ഥാനം രാജി വച്ചില്ലെങ്കിൽ ബെന്നിയോടു സഹകരിക്കേണ്ടെന്ന ശക്തമായ തീരുമാനം ഉമ്മൻ ചാണ്ടിയുടെ ആശീർവാദത്തോടെ എ ഗ്രൂപ്പ് എടുത്തിരുന്നു. ഇക്കാര്യം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും എ ഗ്രൂപ്പ് അറിയിച്ചിരുന്നു.
ബെന്നി ബഹനാൻ പങ്കെടുത്ത പല പരിപാടികളിലും എ ഗ്രൂപ്പിന്റെ നിസഹകരണം തുടർന്നതോടെ ബെന്നിക്ക് ഒടുവിൽ രാജി വയ്ക്കേണ്ടി വന്നു. എ ഗ്രൂപ്പിൽനിന്നു മറുകണ്ടം ചാടി ഐയിലെത്തിയെങ്കിലും എ ഗ്രൂപ്പിന്റെ പഴയ തന്ത്രശാലിക്ക് അവിടെ വേണ്ടത്ര പരിഗണന ലഭിച്ചില്ല.
ഇതും രാജിയിൽ കലാശിക്കാൻ കാരണമായി. ഏറെക്കാലം ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ബെന്നി ബഹനാന് വേണ്ടി എന്നും പാർട്ടിയിൽ വാദിച്ചിരുന്നത് ഉമ്മൻ ചാണ്ടിയായിരുന്നു.
ഉമ്മൻ ചാണ്ടിക്കും അതൃപ്തി
ഐ ഗ്രൂപ്പിന്റെ പാർലമെന്റ് സീറ്റായിരുന്ന ചാലക്കുടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചോദിച്ചു വാങ്ങിച്ചതും ഉമ്മൻചാണ്ടിയായിരുന്നു. എന്നും ഉമ്മൻ ചാണ്ടിക്കൊപ്പം നിന്ന ബെന്നി ബഹനാനോട് മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായതോടെ യുഡിഎഫ് കൺവീനർ സ്ഥാനം എം.എം ഹസനുവേണ്ടി ഒഴിയാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
വർഷങ്ങളായി കൺവീനർ സ്ഥാനം എ ഗ്രൂപ്പിനായിരുന്നു. പാർട്ടിയിൽ ഒരാൾക്ക് ഒരു പദവി എന്ന സമവാക്യം മുൻനിർത്തിയാണ് ബെന്നിയോടു കൺവീനർ സ്ഥാനം ഒഴിയാൻ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടത്.
എന്നാൽ, അതിന് ബെന്നി തയാറാകാതെ ഐ ഗ്രൂപ്പിലേക്കു പോയി. വർഷങ്ങളായി തങ്ങൾ കൈവശം വച്ചിരുന്ന കൺവീനർ സ്ഥാനം തിരികെ നൽകണമെന്ന് ഹൈക്കമാൻഡിനോടും കെപിസിസി പ്രസിഡന്റിനോടും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.
വിട്ടുവീഴ്ചയില്ല
ബെന്നി ബഹനാനുമായി ഇനിയൊരു ഒത്തു തീർപ്പിനുമില്ലെന്ന നിലയിൽ എ ഗ്രൂപ്പ് നിസഹകരണം തുടർന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പടിവാതിൽക്കലെത്തിയതോടെ യുഡിഎഫ് കൺവീനർ സ്ഥാനത്തെ ചൊല്ലി പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് പോര് തുടങ്ങി.
ഇത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്നതോടെ ഐ ഗ്രൂപ്പും കെപിസിസിയും ബെന്നിക്കായി വാദിക്കേണ്ടെന്ന നിലപാട് എടുത്തു. ഐ ഗ്രൂപ്പിൽ വേണ്ടത്ര പിന്തുണ കിട്ടാതായതോടെ ബെന്നി ബഹനാൻ വീണ്ടും എ ഗ്രൂപ്പിലേക്ക് മടങ്ങി വരാൻ ശ്രമങ്ങളാരംഭിച്ചതായാണ് ഒരു എ ഗ്രൂപ്പ് നേതാവ് പറയുന്നത്.
എന്നാൽ ബെന്നിയോട് ഒരു തരത്തിലും വിട്ടുവീഴ്ച വേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. തന്റെ വാക്കു കേൾക്കാത്ത ബെന്നിയോട് കടുത്ത അമർഷമാണ് ഉമ്മൻചാണ്ടിക്ക്. നിലവിൽ എ ഗ്രൂപ്പിലും ഐ ഗ്രൂപ്പിലും ഇല്ലാത്ത അവസ്ഥയിലാണ് ബെന്നി ബഹനാൻ.
കൺവീനർ സ്ഥാനം ഒഴിയാൻ തയാറാകാതിരുന്ന ബെന്നി ബഹനാനെതിരെ എ ഗ്രൂപ്പ് നടത്തുന്ന പടയൊരുക്കം ജൂലൈ രണ്ടിന് രാഷ്ട്രദീപികയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.
അതുപോലെ തന്നെ യുഡിഎഫ് കൺവീനറായുള്ള ബെന്നിയുടെ പ്രവർത്തനങ്ങളും വിവാദത്തിൽ കലാശിച്ചിരുന്നു. ജോസ് കെ. മാണി വിഭാഗത്തെ മാറ്റിനിർത്താൻ എടുത്ത തീരുമാനം പുറത്താക്കി എന്ന രീതിയിൽ ബെന്നി അവതരിപ്പിച്ചതു മുന്നണിയിൽ കടുത്ത അമർഷത്തിനു കാരണമായിരുന്നു. ഇതൊടുവിൽ ജോസ് വിഭാഗത്തിന്റെ യുഡിഎഫ് വിട്ടുപോക്കിനും വഴിമരുന്നായി മാറി.