എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: കോൺഗ്രസിലെ എ ഗ്രൂപ്പിൽ നിന്നും ഐ ഗ്രൂപ്പിലേക്കു മറുകണ്ടം ചാടിയ ബെന്നി ബെഹനാനെ യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റണമെന്ന ശക്തമായ നിലപാടുമായി എ ഗ്രൂപ്പ് രംഗത്ത്.
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ബെന്നി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽനിന്നു വിജയിച്ച് എംപിയായതോടെയാണ് രമേശ് ചെന്നിത്തലയോടും ഐ ഗ്രൂപ്പിനോടും ആഭിമുഖ്യം പ്രകടിപ്പിച്ചു തുടങ്ങിയത്.
ചാലക്കുടിയിൽ നിന്ന് എംപിയായതോടെ ബെന്നി ബെഹനാനോടു യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാനും പകരം എം.എം ഹസനെ കൺവീനർ സ്ഥാനത്തക്കു കൊണ്ടുവരാനും എ ഗ്രൂപ്പിനുള്ളിൽ ധാരണയുണ്ടായി.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായതോടെ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്ന എം.എം ഹസനു പകരം യുഡിഎഫ് കൺവീനർ സ്ഥാനം നൽകാമെന്നു കോൺഗ്രസിനുള്ളിലെ ഇരുഗ്രൂപ്പു നേതാക്കളും തമ്മിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബെന്നി ബെഹനാനോട് കൺവീനർ സ്ഥാനം ഒഴിയാൻ എ ഗ്രൂപ്പ് ആവശ്യപ്പെട്ടത്. ഗ്രൂപ്പിനുള്ളിൽ ഈ ആവശ്യം ശക്തമായി വന്നതോടെ ഒരു വേള ഉമ്മൻചാണ്ടി തന്നെ ബെന്നിയോട് ഈ ആവശ്യം സൂചിപ്പിച്ചു.
എന്നാൽ, കൺവീനർ സ്ഥാനം ഒഴിയാൻ ബെന്നി കൂട്ടാക്കാതെ പതിയെ ഐ ഗ്രൂപ്പിനോടു ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. ഇതോടൊപ്പം എ ഗ്രൂപ്പ് നേതാക്കളുമായുള്ള ആശയവിനിമയം കുറയ്ക്കുകയും ഐ ഗ്രൂപ്പ് നേതാക്കളുമായി കൂടുതൽ അടുത്തു പ്രവർത്തിക്കാനും തുടങ്ങി.
ഇതോടെയാണ് ഒരാൾക്ക് ഒരു പദവിയെന്ന പാർട്ടി നിലപാട് പൊടി തട്ടിയെടുത്തു ബെന്നിയെ കൺവീനർ സ്ഥാനത്തുനിന്നു മാറ്റണമെന്ന ശക്തമായ ആവശ്യവുമായി എഗ്രൂപ്പ് രംഗത്ത് വന്നിരിക്കുന്നത്. ബെന്നിയെ കൂടാതെ പാലക്കാട് എംപി വി.കെ ശ്രീകണ്ഠനും ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുണ്ട്.
ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു ഒഴിയാൻ സന്നദ്ധനാണെന്നു ശ്രീകണ്ഠൻ ഇതിനകം കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് കെപിസിസിയും ഹൈക്കമാൻഡുമാണ്. എന്നാൽ മുൻധാരണ പാലിക്കാൻ തയാറാകാതെ മറുകണ്ടം ചാടിയ ബെന്നിക്കെതിരേ ശക്തമായി നീങ്ങാൻ തന്നെയാണ് എ ഗ്രൂപ്പിന്റെ തീരുമാനം.
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് യോഗത്തിൽനിന്നു മാറ്റിനിർത്താനാണ് യുഡിഎഫ് തീരുമാനിച്ചത്. എന്നാൽ മാധ്യമങ്ങളെ കണ്ട ബെന്നി ബെഹനാന്റെ വിശദീകരണത്തിൽ അവരെ പുറത്താക്കുന്നു ധ്വനിയാണ് ഉണ്ടായിരുന്നത്.
യുഡിഎഫിൽ തുടരാൻ ജോസ് കെ. മാണി വിഭാഗത്തിന് ധാർമിക അവകാശമില്ല എന്നതു പറഞ്ഞതാണ് വിനയായത്. ഇതു പുറത്താക്കലാണെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. ഇതു വലിയ വിവാദമാകുകയും കോൺഗ്രസിനകത്തും ഘടകകക്ഷികൾക്കിടയിലും വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തതോടെ ഇന്നലെ അവരെ പുറത്താക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്ക് തന്നെ മാറ്റിപ്പറയേണ്ടി വന്നു.
കെ.എം മാണിയുടെ മകനെയും കൂട്ടരേയും യുഡിഎഫിൽ നിന്നും പുറത്താക്കിയതിൽ കടുത്ത വിയോജിപ്പിലായിരുന്നു ഉമ്മൻചാണ്ടി. ഇക്കാര്യം ഇന്നലെ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. വികാരപരമായി പ്രതികരിച്ചെങ്കിലും ജോസ് കെ. മാണി വിഭാഗം കടുത്ത നിലപാടിലേക്കു പോകാത്തത് ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെത്തുടർന്നാണ്.
ബെന്നിയുടെ പ്രസ്താവന ഈ അവസരത്തിൽ ആയുധമാക്കി കൺവീനർ സ്ഥാനത്തുനിന്നു മാറ്റാനാണ് എ ഗ്രൂപ്പിന്റെ നീക്കം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ യുഡിഎഫിനെ കൂടുതൽ കെട്ടുറപ്പോടെ മുന്നോട്ടു കൊണ്ടുപോകാൻ മുഴുവൻ സമയ കൺവീനർ തന്നെ വേണമെന്ന ആവശ്യവുമായി എ ഗ്രൂപ്പ് കെപിസിസിയെയും ഹൈക്കമാൻഡിനെയും സമീപിക്കും.
ഒരാൾക്ക് ഒരു പദവിയെന്ന മുൻ തീരുമാനം ഉയർത്തി ആയിരിക്കും ഹൈക്കമാൻഡിനെ സമീപിക്കുന്നത്.