കൊച്ചി: യുഡിഎഫ് കണ്‍വീനറും ചാലക്കുടി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ ബെന്നി ബഹനാനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നോടെ കൊച്ചി കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഐസിയുവിൽ കഴിഞ്ഞുവരുന്ന ബെന്നിയെ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയമാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും 48 മണിക്കൂർ നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഒരാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്നലത്തെ പര്യടനങ്ങൾ പൂർത്തിയാക്കി രാത്രി ഏറെ വൈകിയാണ് ബെന്നി വീട്ടിലെത്തിയത്.
അതേസമയം, സ്ഥാനാർഥിയുടെ തുടർ പ്രചരണങ്ങൾ ഇന്ന് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് അന്തിമ രൂപം നൽകുമെന്ന് നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ ഇന്ന് ചാലക്കുടി മണ്ഡലത്തിൽ എത്താനിരുന്നതാണ്.
ഉച്ചകഴിഞ്ഞ് രണ്ടിന് നെടുന്പാശേരിയിലും വൈകിട്ട് നാലിന് സൗത്ത് വാഴക്കുളത്തെ തടിയിട്ട പറന്പിലും അഞ്ചിന് കുറുമശേരിയിലും പ്രസംഗിക്കാനാണ് സുധീരൻ എത്താനിരുന്നത്. കൂടാതെ തുറവൂർ, മഞ്ഞപ്ര, അയ്യന്പുഴ, മലയാറ്റൂർ, കാലടി മേഖലകളിൽ സ്ഥാനാർഥി പര്യടനം നടത്തുവാനും രാത്രി ഏഴരയ്ക്ക് മറ്റൂർ ജംഗ്ഷനിൽനിന്ന് കാലടിയിലേക്ക് റോഡ് ഷോ നടത്തനാണ് തീരുമാനിച്ചിരുന്നത്.
നിലവിലെ സാഹചര്യത്തിൽ ഇലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം മാത്രമേ പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപം നൽകൂവെന്ന് നേതാക്കൾ പറഞ്ഞു.