ടി.പി.സന്തോഷ്കുമാര്‍
ഇടുക്കി: കേരളത്തിലെ ബസ് സ്റ്റാൻഡുകളില്‍ ബസുകളുടെ പേരും സ്ഥലനാമവും പുറപ്പെടുന്ന സമയവും ഒക്കെ യാത്രക്കാരെ അറിയിക്കുന്ന അനൗണ്‍സ്മെന്റുകള്‍ മുഴങ്ങിക്കേള്‍ക്കാറുണ്ട്.
എന്നാല്‍ മലയോര പട്ടണമായ കട്ടപ്പനയിലെ സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയാല്‍ ഇവിടെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന ശബ്ദത്തിന്റെ ഉടമയെ യാത്രക്കാര്‍ ഒന്നു തിരക്കാതിരിക്കില്ല.
കൗതുകത്തിന് വഴി വയ്ക്കുന്ന ഈ ശബ്ദം സ്റ്റാൻഡിലെ പതിവു യാത്രക്കാര്‍ക്ക് പരിചിതമാണെങ്കിലും പുതുതായി എത്തുന്നവര്‍ക്ക് ഈ അറിയിപ്പുകള് മറ്റു സ്റ്റാൻഡുകളെ അപേക്ഷിച്ച് പുതിയ അനുഭവമായിരിക്കും.
കാരണം വേറിട്ട അവതരണ ശൈലിയാണ് ഈ അനൗണ്‍സ്മെന്റിന്റെ പ്രത്യേകത.
കഴിഞ്ഞ 33 വര്‍ഷമായി കട്ടപ്പന ബസ് സ്റ്റാൻഡില്‍ അനൗണ്‍സറായി ജോലി ചെയ്യുന്ന ബെന്നി കളപ്പുരയാണ് വേറിട്ട അവതരണ ശൈലിയിലൂടെ ഇവിടെ യാത്രക്കാരെ കൈയിലെടുക്കുന്നത്.
കട്ടപ്പനയില്‍ നിന്നും എറണാകുളം, കോട്ടയം, ചങ്ങനാശേരി, അടിമാലി , തൊടുപുഴ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ കടന്നു പോകുന്ന സ്ഥലങ്ങളുടെ പേരുകള്‍ വളരെ ഒഴുക്കോടെയും യാത്രക്കാര്‍ക്ക് കൃത്യമായി മനസിലാകും വിധത്തിലാണ് ബെന്നിയുടെ മൈക്കിലൂടെയുള്ള വിവരണം.
മൂന്നു പതിറ്റാണ്ടിനു മേലെയായി പലര്‍ച്ചെ അഞ്ചു മുതല്‍ ബെന്നി കട്ടപ്പന ബസ് സ്റ്റാൻഡിലെ സജീവ സാന്നിധ്യമാണ്.
ബെന്നിയുടെ അറിയിപ്പ് കേട്ടാല്‍ യാത്രക്കാര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ കൃത്യമായി ബസില്‍ കയറാം. സംശയം ഉണ്ടെങ്കില്‍ കൗണ്ടറിലെത്തി വിവരം തിരക്കാം.
പ്രായമായവരും മറ്റുമാണെങ്കില്‍ അവരെ കൈ പിടിച്ച് ബസില്‍ കയറ്റി വിടാനും ബെന്നി സന്നദ്ധനാണ്.
ബസുകള്‍ കൃത്യമായ സമയം പാലിക്കുന്നില്ലെങ്കില്‍ മൈക്കിലൂടെ ബെന്നിയുടെ ഉച്ചത്തിലുള്ള ശബ്ദം ഉയരും. ഇത് അറിയാവുന്നതിനാല്‍ കൃത്യ സമയത്ത് തന്നെ വാഹനങ്ങള്‍ സ്റ്റാൻഡില്‍ നിന്നും പുറപ്പെടും.
ബെന്നിക്ക് ജീവനക്കാരോടുള്ള അടുപ്പവും ജോലിയിലെ കൃത്യതയും മൂലം ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കവും ഇവിടെ കുറവാണ്.
സ്റ്റാൻഡില്‍ യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും കച്ചവടക്കാര്‍ക്കും എന്തു ബുദ്ധിമുട്ടു നേരിട്ടാലും അത് പരിഹരിക്കാന്‍ ബെന്നി മുന്‍പന്തിയിലുണ്ടാകും.
സ്റ്റാന്റില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇദ്ദേഹത്തിന്റെ സഹായമുണ്ടാകും. പതിവു യാത്രക്കാരായ വിദ്യാര്‍ഥികളുടെയും ഉറ്റസുഹൃത്താണ് ഇദ്ദേഹം.
തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബസുകളുടെ അറിയിപ്പുകള് മാത്രമല്ല ബെന്നി തന്റെ ഉച്ചഭാഷണിയിലൂടെ അറിയിക്കുന്നത്.
നഗരത്തിലെ പ്രധാന സംഭവങ്ങള്‍, ഹര്‍ത്താലുകള്‍, പണിമുടക്ക്, ബസുകളുടെ സര്‍വീസ് മുടക്കം തുടങ്ങി മറ്റ് അറിയിപ്പുകളും ബെന്നിയുടെ ശബ്ദത്തിലൂടെ ജനങ്ങളിലേക്കെത്തും.
കട്ടപ്പനയിലെ സാമൂഹ്യ, മാധ്യമ രംഗത്തും സജീവമാണ് ബെന്നി കളപ്പുര. ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉദ്യോഗസ്ഥയായ മേഴ്സിയാണ് ഭാര്യ.