കുന്നംകുളം: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കുകയെന്ന കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഭവന നിർമാണ പദ്ധതിക്കു കൈത്താങ്ങുമായി ബെന്നിയും കുടുംബവും.
കുന്നംകുളം പഴഞ്ഞി സ്വദേശിയും എറണാകുളം ബെനീറ്റ കുറീസ് ഉടമയുമായ വടക്കേത്തലക്കൽ വി.കെ. ബെന്നിയും ഭാര്യ ചിത്ര ബെന്നിയുമാണ് തങ്ങൾ എറണാകുളത്ത് പുതിയതായി പണികഴിപ്പിച്ച വീട്ടിലേക്കു താമസം മാറുന്നതിന്റെ ഭാഗമായി സമൂഹത്തിൽ അവശത അനുഭവിക്കുന്ന ഒരു കുടബത്തിന് സുരക്ഷിതമായ പാർപ്പിടം ഒരുക്കണമെന്ന തങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കിയത്.
താൻ കൂടി അംഗമായ ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഭവന നിർമാണ പദ്ധതിയുമായി കൈക്കോർത്താണ് ബെന്നി ഈ നിർധന കുടുംബത്തെ ഗൃഹപ്രവേശ ദിവസം സഹായിച്ചത്. ഓട്ടിസം ബാധിച്ച മകനും രോഗിയായ ഭർത്താവിനുമൊപ്പം തകർന്നു വീഴാറായ കടവല്ലൂരിലെ വീട്ടിൽ താമസിച്ചിരുന്ന കൃഷ്ണകുമാരി എന്ന വീട്ടമ്മയ്ക്കാണ് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ചു കൊടുക്കുന്ന പദ്ധതിക്കു തുടക്കമിട്ടത്.
അവർക്ക് കുടുംബ സ്വത്തായി ലഭിച്ച നാലു സെന്റിൽ വീടു നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഭവന നിർമാണ പദ്ധതിയുടെ പൂർത്തീകരണത്തിനാണ് ബെന്നിയും കുടുബവും നാലു ലക്ഷം രൂപയുടെ സഹായം നൽകി സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായത്.
ബെന്നിയുടെ പുതിയ വീടിന്റെ കൂദാശ ചടങ്ങുകൾക്കുശേഷം വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ അഭിവന്ദ്യ ഡോ. യുയാക്കീം മാർ കുറിലോസ് എപ്പിസ്കോപ്പയും ബെന്നിയുടെ മാതാവ് ലിസി കൊച്ചുണ്ണിയും ചേർന്ന് കൃഷ്ണകുമാരിക്കു തുക കൈമാറി.
വർഷങ്ങളായി പഴഞ്ഞി പള്ളി തിരുനാളിനോടനുബന്ധിച്ച് ബെന്നിയും സഹോദരങ്ങളായ ചമയം ഡെക്കറേറ്റേഷ്സ് ഉടമ വി.കെ. ഡെന്നിയും എറണാകുളം ഫൈൻ സെലക്ഷൻസ് ഉടമ വി.കെ. സിന്നിയും ചേർന്ന് ആയിരകണക്കിനാളുകൾക്ക് അരി വിതരണവും മറ്റു സഹായ പ്രവർത്തനങ്ങളും നടത്തി വരാറുണ്ട്.