ചേർത്തല: 5.5 കോടിയുടെ ആഡംബരകാർ ചേർത്തല ജോയിന്റ് ആർടിഒ ഓഫീസിൽ രജിസ്റ്റർ ചെയ്തു. സംസ്ഥാന സർക്കാരിനു വാഹന രജിസ്ട്രേഷനിലൂടെ നികുതിയിനത്തിൽ ലഭിച്ചത് 1.81 കോടി. ഇറ്റാലിയൻ നിർമിത ആഡംബരകാർ സമുദ്രോൽപ്പന്ന കയറ്റുമതി സ്ഥാപനം സ്വന്തമാക്കിയപ്പോൾ സംസ്ഥാന സർക്കാർ ഖജനാവിലേക്ക് എത്തിയത് 18097010 രൂപ.
ഇറ്റലിയിൻ കന്പനി നിർമിച്ച കാർ അരൂർ ഫെയർ എക്സ്പോർട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കന്പനി ഡൽഹി ഡീലറിൽനിന്നും വാങ്ങിയത് 5,36,40,917 രൂപയ്ക്കാണ്. നികുതിയിനത്തിൽ 1,79,97,010 രൂപയും കഐൽ 32/എൽ 1 എന്ന ഇഷ്ടനന്പറിനായി ഒരുലക്ഷം രൂപയും കാറിന്റെ ഉടമസ്ഥരായ അരൂരിലെ കന്പനി സർക്കാരിലേക്ക് അടച്ചു. എന്നാൽ വാഹനം ചേർത്തലയിൽ ഇതുവരെയും എത്തിച്ചിട്ടില്ല.
രജിസ്ട്രേഷൻ നടപടികൾക്കായി വാഹനം അടുത്തദിവസം ഹാജരാക്കുമെന്നാണ് വിവരം. കോടികളുടെ വിലയുള്ള കാറിന്റെ പ്രധാന സവിശേഷത ശക്തമായ എൻജിനാണ്. 5950 കുതിരശക്തിയുള്ള എൻജിന്റെ ശക്തി ഒരു ബസിന്റെ എൻജിനു തുല്യമാണ്. ആധുനികരീതിയിലുള്ള എല്ലാവിധ സൗകര്യങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്. പെട്രോളിൽ ഓടുന്ന വാഹനത്തിന്റെ മൈലേജ് പത്തുകിലോമീറ്ററാണ് കന്പനി അവകാശപ്പെടുന്നത്.
ഇത്രയൊക്കെ വിലയുണ്ടെങ്കിലും നാലിൽ കൂടുതൽ ആളുകൾക്ക് ഇതിൽ യാത്ര ചെയ്യാൻ കഴിയില്ല. കുറഞ്ഞത് 120 കിലോമീറ്റർ വേഗത്തിലെങ്കിലും ഓടിച്ചാൽ മാത്രമേ ഈ ആഡംബരകാറിന്റെ സുഖം മനസിലാക്കാൻ കഴിയുകയുള്ളൂ. നാലുവരി പാതയിൽ 90 ഉം രണ്ടുവരിയിൽ 70 ഉം കിലോമീറ്ററാണ് കേരളത്തിലെ പാതയിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത.
ഇത്രയധികം വിലയുള്ള വാഹനം കേരളത്തിൽ രജിസ്ട്രേഷന് എത്തുന്നത് അത്യപൂർവമാണ്. ഇതിനുമുന്പ് 2015ൽ 2.5 കോടി വിലമതിക്കുന്ന റോൾസ് റോയ്സ് കാറും ആലപ്പുഴ ജില്ലയിലാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ കേരളത്തിൽ റോൾസ് റോയിസ് ആഡംബരകാറും, ബെന്റ്ലി കാറും രജിസ്റ്റർ ചെയ്യുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറി.