പ്രമോദിന്‍റെ ബംബർ തട്ടിപ്പിൽ വീണത് ”ചില്ലറക്കാറല്ല”; മാന്യനായ കസ്റ്റമറുടെ ഇടപാടിൽ നഷ്ടപ്പെട്ടത് അഞ്ചു മെഴ്സിഡസ് ബെൻസ് കാറുകൾ; ഒടുവിൽ സംഭവിച്ചത്…


ന്യൂഡൽഹി: വാഹനവായ്പ കന്പനിയിൽനിന്ന് അഞ്ചു മെഴ്സിഡസ് ബെൻസ് കാറുകൾ വാങ്ങാൻ വായ്പ എടുത്തിട്ടു മുങ്ങിയ ആളെ മൂന്നു വർഷത്തിനു ശേഷം പോലീസ് പിടിച്ചു.

2.18 കോടിയുടെ തട്ടിപ്പ് നടത്തിയ 42കാരനെയാണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. കന്പനിയുടെ പരാതിയെത്തുടർന്നു 2018ൽത്തന്നെ ഗുരുഗ്രാം സ്വദേശി പ്രമോദ് സിംഗിനെതിരേ കേസെടുത്തിരുന്നു.

ഒരു മെഴ്‌സിഡസ് ബെൻസ് കാർ വാങ്ങാനാണ് സിംഗ് ആദ്യം സ്ഥാപനത്തെ സമീപിച്ചത്. ഇടപാടുകളെല്ലാം വളരെ മാന്യമായ രീതിയിലാണ് ഇയാൾ നടത്തിയിരുന്നത്. ആദ്യ കാറിനായി 27.5 ലക്ഷം രൂപ ലോൺ എടുത്തു.

ഇതിന്‍റെ പ്രാരംഭ ഗഡുക്കൾ കൃത്യമായി അടയ്ക്കുകയും ചെയ്തു. ഇതുവഴി കന്പനിയുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം അദ്ദേഹം നാലു കാറുകൾക്കൂടി വാങ്ങാൻ വായ്പയ്ക്കായി സമീപിച്ചു.

നല്ല കസ്റ്റമർ എന്ന നിലയിൽ വിശ്വാസ്യത നേടിയിരുന്ന പ്രമോദ് സിംഗിന് നാലു കാറുകൾകൂടി വാങ്ങാനുള്ള വായ്പ കന്പനി അനുവദിച്ചു.

ഒരാൾ എന്തിനാണ് നാലു ബെൻസ് കാറുകൾ ഒറ്റയടിക്കു വാങ്ങുന്നത് എന്നതിന്‍റെ അസ്വാഭാവികത പരിശോധിക്കാൻ കന്പനി തയാറായില്ല എന്നതാണ് വിചിത്രം.

കാറുകൾ വാങ്ങിയ ശേഷം ആദ്യത്തെ തവണകൾ മുടക്കമില്ലാതെ ഇയാൾ അടച്ചു. പിന്നീട് പെട്ടെന്നു വായ്പാ തിരിച്ചടവ് നിലച്ചു. ഇതോടെയാണ് വായ്പകന്പനി അധികൃതർ അപകടം മണത്തത്.

ഗതാഗത വകുപ്പിലെ ചില ഉദ്യോഗസ്ഥർ സിംഗുമായി കൈകോർത്തിരുന്നതായി പോലീസ് പറഞ്ഞു. സിംഗ് സ്ഥാപനത്തിന് 2,18,34,853 രൂപ നൽകാനുണ്ടെന്നു പരാതിക്കാരൻ പറഞ്ഞു.

കഴിഞ്ഞ മൂന്നു വർഷമായി ഒളിവിലായിരുന്ന ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവി ച്ചിരുന്നു. അടുത്തിടെ ഗുഡ്ഗാവിൽ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നു ജോയിന്‍റ് പോലീസ് കമ്മീഷണർ (സാമ്പത്തിക കുറ്റകൃത്യ വിഭാഗം) ഛായ ശർമ പറഞ്ഞു.

Related posts

Leave a Comment