ഇ. അനീഷ്
മലബാറിലെ പ്രധാന വ്യാപാരകേന്ദ്രമാണ് കോഴിക്കോട്്. ഇതരജില്ലകളിൽനിന്നുപോലും ഇവിടെ എത്തുന്ന ഒരുസ്ഥലമുണ്ട്. റെയിൽവേ രണ്ടാം ഗേറ്റിനടുത്തും വലിയങ്ങാടി ഭാഗത്തുമായി വ്യാപിച്ചുകിടക്കുന്ന, ഏതുതരം വാഹനങ്ങളുടെയും അനുബന്ധസാധനങ്ങളുടെയും സാധനങ്ങൾ വിൽക്കുന്ന കൊട്ട എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബഡാ മാർക്കറ്റ്. ശരിക്കും ഒരു മായാ ബസാർ.
കൊട്ട എന്നറിയപ്പെടുന്ന ബഡാ മാർക്കറ്റിന് പറയാനുള്ളത് കോഴിക്കോടിന്റെ ചരിത്രം കൂടിയാണ്. പേരുപോലെ ഒരു കൊട്ടക്കുകൊള്ളുന്ന സാധനമൊന്നുമല്ല ഇവിടെയുള്ളത്. ഏതുതരം വാഹനങ്ങളുടേയും സ്പെയർ പാർട്സുകൾ ഇവിടെ കിട്ടും. സ്ക്രൂ മുതൽ ഇരുന്പുദണ്ഡുകൾ വരെ… വാഹനങ്ങളിൽ നിന്നും ഉൗരിത്തെറിച്ചു പോകുന്ന വീൽകപ്പുകൾ മുതൽ ആഡംബര വാഹനങ്ങളുടെ പാർട്സുകൾ വരെ ഇവിടെ സുലഭം. ഇതുമാത്രമല്ല എന്തിനും ഏതിനും അപരനുമുണ്ട്. ചക്രങ്ങളുടെ ലോകത്ത് പറക്കുന്നവർക്ക് സ്വപ്നഭൂമിയാണ് കോഴിക്കോട്ടെ കൊട്ട.
അരവിന്ദ്ഘോഷ് റോഡിൽ ചെന്നാൽ കിട്ടാത്തതായി ഒന്നുമില്ല. ഇരുചക്രത്തിനായാലും, നാലു ചക്രത്തിനായാലും കൊട്ടയിലെത്തിയാൽ ആവശ്യമായ എല്ലാം ലഭിക്കും. കൊട്ടയിലെത്തിയാൽ ഏതു ബ്രാൻഡും തുച്ഛമായ വിലയിൽ കി ട്ടും. വസ്തുക്കളുടെ മെറ്റീരിയലിന്റെ ഗുണമനുസരിച്ച് വിലയിൽ മാറ്റമുണ്ടാകുമെങ്കിലും ഒറിജിനലായ പാർട്സുകളും കൊട്ടയിലുണ്ട്.
അപകടങ്ങളിൽ വീണ്ടെടുക്കാനാകാത്തവിധം തകർന്ന വാഹനങ്ങളാണെങ്കിൽ പുതിയത് ലഭിക്കും.കാലപ്പഴക്കം മൂലം പഴയതായതെങ്കിൽ അതിൽ നിന്നും തുരുന്പെടുക്കാത്തതും ഉപയോഗപ്രദമായതും അഴിച്ചെടുക്കും. ഇരുന്പ് സ്ക്രാപ്പിന് പോകും. വാഹനങ്ങൾക്ക് ആവശ്യമുള്ളത് കടകളിൽ തരംതിരിച്ച് സൂക്ഷിക്കും.
സ്പെയർ പാർട്സുകൾ പുതിയത് വാങ്ങാൻ പ്രയാസപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒറിജിനലിനൊക്കെ വലിയ വിലയും ഡിമാൻഡും ഉണ്ടായിരുന്ന കാലം.അന്നൊക്കെ ആദ്യത്തെ ഓപ്ഷൻ കൊട്ടയിലോട്ട് വണ്ടി കയറാം എന്നതായിരുന്നു. ഇരുന്പ് ഉരുപ്പടികൾ, ഉപേക്ഷിക്കുന്ന ഉപയോഗപ്രദമായ ഒറിജിനൽ സ്പെയർ പാർട്ടുകൾ, കാലപ്പഴക്കത്താൽ ഒഴിവാക്കുന്ന വാഹനങ്ങൾ, അപകടത്തിൽ നശിച്ചവ,സർക്കാർ അർദ്ധസർക്കാർ, ഇൻഷുറൻസ് കന്പനി, കോർപറേഷൻ, കെഎസ്ആർടിസി എന്നീ സ്ഥാപനങ്ങളിലെ പഴയ വാഹനങ്ങൾ തുടങ്ങിയവ പൊളിച്ച് തരംതിരിച്ച് വിൽപ്പനയും റീസൈക്ലിംഗും തുടങ്ങിയ പണിയാണ് കൊട്ടക്കാർ ചെയ്യുന്നത്.
ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കൾ പുനർ ഉപയോഗത്തിന് തയാറാക്കുക വഴി വലിയൊരു സാമൂഹിക പ്രവർത്തനമാണ് ഇവർ നടത്തുന്നത്. പഴയ വാഹനങ്ങൾ പൊളിച്ചുമാറ്റി കച്ചവടം ആദ്യം തുടങ്ങിയത് റെയിൽവേ രണ്ടാം ഗേറ്റിനടുത്തായിരുന്നു. പിന്നീട് വലിയങ്ങാടി പുഴവക്കത്തായി മാർക്കറ്റ്. തുടക്കകാലത്ത് മൂന്നാലു പേരുകൂടി തുടങ്ങിയ കൊട്ടയാണ് പിന്നെ പിച്ചവച്ച് വ്യാപാര മേഖലയിൽ പിടിമുറുക്കിയത്.
കച്ചവടം വികസിക്കുകയും കച്ചവട മേഖല വ്യാപിക്കുകയും ചെയ്തു. ഈ വ്യാപാരത്തിലോട്ട് പുതിയ ആൾക്കാരും വന്നു തുടങ്ങി. റോഡ് വിപുലീകരണം നടന്നപ്പോൾ വ്യാപാരികൾ പല മേഖലകളിലേക്കായി ചേക്കേറി. വലിയങ്ങാടി, കെ.പി.കേശവമേനോൻ റോഡ്, അരവിന്ദ്ഘോഷ് റോഡ്, ലോറി സ്റ്റാൻഡ് റോഡ് എന്നിവിടങ്ങളിലായി കച്ചവടം വളർന്നു.
ഇന്ന് ഏകദേശം 250-നടുത്ത് “കൊട്ടക്കാർ’ ഇവിടെയുണ്ട്. വാഹനങ്ങൾ പൊളിക്കുന്ന ജോലിക്കാർ വേറെയും. മെക്കാനിക്കുകളും അവരെ സഹായിക്കുന്ന ജീവനക്കാരും കയറ്റിറക്ക് തൊഴിലാളികളും മാർക്കറ്റിൽ ഉണ്ട്. ഇവരെ ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബങ്ങളാണ് ഉപജീവനം നയിക്കുന്നത്. കോഴിക്കോട്ടെ കൊട്ടയിൽ കിട്ടാത്തതായി ഒന്നുമില്ല.
ബൈക്ക്,ലോറി, ബസ്, കാർ, ജീപ്പ് തുടങ്ങിയ എല്ലാ ഇരുചക്രങ്ങളുടെയും,നാലു ചക്രങ്ങളുടെയും എല്ലാതരത്തിലുള്ള സ്പെയറുകളും ഇവിടെയുണ്ടാകും. എത്ര തന്നെ ഒൗട്ട് ആയ മോഡൽ വാഹനമായാലും ഒന്നു തിരഞ്ഞാൽ കൊട്ടയിലെ കടകളിലെ ഏതെങ്കിലും ഒരു മൂലയിൽ അത ് കിടക്കുന്നുണ്ടാകും. വാഹനത്തിന്റെ സ്ക്രൂ, വീൽ, മഡ്ഗാർഡ്, റിം, ക്ലച്ച് , വയർ, ഗിയർ ബോക്സ്, വൈസർ, ക്രാഷ് ഗാർഡ്, എണ്ണ ടാങ്ക്,ഷോക്ക് അബ്സർ,സീറ്റ്,സ ്റ്റിയറിംഗ് ബോക്സ്, ഹൗസിങ്,ഡിസെറ്റ്, ബൂസ്റ്റർ,വീൽ ഡിസ്ക് എന്നു തുടങ്ങി ഒരായിരം വാഹനങ്ങൾ നിർമിക്കാൻ വേണ്ട സാധനങ്ങൾ എന്തൊക്കെയാണോ അതൊക്കെ ഈ കൊട്ടയിൽ സുലഭമാണ്.
കൊട്ടയിൽ ഏറ്റവും ഷോപ്പുകൾ ഉള്ളത ് ബൈക്കിന്റെ സ്പെയർ പാർട്സിനാണ്. ചേതക് മുതൽ ആക്റ്റീവ വരെയും സ്പ്ലെൻഡർ മുതൽ റോയൽ എൻഫീൽഡ് വരെയുമുള്ള എല്ലാ തലമുറ ബൈക്കുക്കളുടേയും എല്ലാവിധ സ്പെയറുകളും ഇവിടെ ലഭിക്കും.പുതിയ ബൈക്കുകളുടെ പാർട്സിനേക്കാൾ പഴയതിനാണ് ഡിമാൻഡ്.
ബൈക്കിന്റെ പ്രധാന ഭാഗങ്ങളായ വൈസർ,എണ്ണടാങ്ക്, പുകക്കുഴൽ തുടങ്ങിയ പ്രധാന സ്പെയറുകൾക്ക് ഡിമാൻഡ് ഏറെയാണ്. ബൈക്ക് രൂപഭേദം വരുത്തുന്ന ആൾട്രേഷൻ വിദഗ്ധൻമാർക്കും ഫ്രീക്കൻമാർക്കും കന്പം പഴയ ബൈക്കുകളോടായതിനാൽ ബൈക്കിന്റെ സ്പെയർ പാർട്സുകൾക്ക് നല്ല വിൽപ്പനയുണ്ട്. നാലുചക്ര വാഹനങ്ങളുടെയും വിപുലമായ ശൃംഖല ഇവിടെയുണ്ട്. ഓട്ടോയും ബസും ജീപ്പും കാറും ലോറിയും തുടങ്ങി എല്ലാ വാഹനങ്ങളുടെയും പാർട്സുകൾ ഇവിടെ ലഭ്യമാണ്.
പഴയ വാഹനങ്ങൾ പൊളിച്ച് ഇരുന്പ് കച്ചവടം നടത്തുന്നവർ വർഷങ്ങളായി ആവശ്യപ്പെടുന്ന ഒന്നാണ് വാഹനം പൊളിക്കാനുള്ള പൊതുസ്ഥലം. നിലവിൽ പൊളിക്കുന്നത് എരഞ്ഞിപ്പാലത്തെ കനാൽ റോഡിൽനിന്നാണ്. വാഹനങ്ങൾ പൊളിക്കുന്നത് കച്ചവടം നടത്തുന്നതിന് സമീപത്തുനിന്നായാൽ വിപണിക്ക് ഇത് സൗകര്യപ്പെടുമായിരുന്നു. വാഹനങ്ങളുടെ സ്പെയർ പാർട്സുകളുടെയും മറ്റും ആവശ്യക്കാർക്ക് തെരഞ്ഞെടുത്ത് വാങ്ങാനും എളുപ്പമാണ്.
വലിയങ്ങാടി, കെ.പി. കേശവമേനോൻ റോഡ്, അരവിന്ദ്ഘോഷ് റോഡ്, ലോറി സ്റ്റാന്റ് റോഡ് എന്നിവിടങ്ങളിലായി ഇപ്പോൾ വ്യാപിച്ചു കിടക്കുന്ന കച്ചവടക്കാർക്ക് സൗകര്യപൂർവ്വം കച്ചവടം നടത്താൻ ഒരു സ്ഥലമില്ല. തൃശൂരിലും തിരുവനന്തപുരത്തും ഉള്ള മാതൃകയിൽ ഒരു പൊതു സ്ഥലമാണ് ഇവർ ആവശ്യപ്പെടുന്നത്.
വാഹനങ്ങൾ പൊളിക്കാനായി ഒരു പൊതുസ്ഥലം നൽകണമെന്ന ആവശ്യം കോർപറേഷനും സർക്കാരും ഇതുവരെ പരിഗണിച്ചിട്ടില്ല. പലതവണ നിവേദനങ്ങളും മറ്റും നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു.