ബി.എം
കോട്ടയം: പ്ലസ്ടു കഴിഞ്ഞ് ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്നത് ഏതൊരു വിദ്യാർഥിയുടെയും പഠനകാലഘട്ടത്തിലെ സുപ്രധാന തീരുമാനമാണ്. എന്ത് പഠിക്കണം, ഏത് കോഴ്സിന് ചേരണം എന്ന് ചിന്തിച്ചിരിക്കുന്നവരെ സഹായിക്കാൻ www.bewhom.in എന്ന വെബ്സൈറ്റുമായി രണ്ടു വിദ്യാർഥികൾ. കേരളത്തിലെ വിവിധ കോളജുകളും കോഴ്സുകളും ഉൾപ്പെടുത്തി വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത് ഏറ്റുമാനൂർ സ്വദേശികളായ സി.വി. ജസ്ജിത്തും പ്രിൻസ് ബേബിയുമാണ്.
കുട്ടിക്കാലം മുതൽ ഒന്നിച്ച് പഠിച്ച ഇരുവരുടെയും സൗഹൃദത്തിൽനിന്നും ഉടലെടുത്ത ആശയത്തിന്റെ സാക്ഷാത്കാരമാണ് ബീഹൂം എന്ന വെബ്സൈറ്റ്. കേരളത്തിൽ ഒട്ടനവധി കോഴ്സുകളുണ്ടെങ്കിലും വിദ്യാർഥികൾക്ക് സുപരിചിതമായ കോഴ്സുകൾ വിരലിലെണ്ണാവുന്നതേയുള്ളൂ. അന്യസംസ്ഥാനങ്ങളിൽ പോയി കോഴ്സുകളും കോളജുകളും തെരഞ്ഞടുക്കാൻ ആലോചിക്കുന്നവർ കേരളത്തിലെ അവസരങ്ങളെ നിസാരമായി ഒഴിവാക്കുകായണ് ചെയ്യുന്നതെന്ന് ഇരുവരും പറഞ്ഞു.
ബംഗളുരൂ, കോയന്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഉപരിപഠനത്തിനായി വണ്ടികയറുന്നവർ നിരവധിയാണ്.
പലവിദ്യാർഥികളും കോഴ്സ് തെരഞ്ഞെടുക്കുന്നത് ജോലി സാധ്യതയെ അടിസ്ഥാനമാക്കിയാണ്. വിദ്യാഭ്യാസം പൂർത്തിയാക്കുന്പോൾ ജോലി സാധ്യത നിലനിൽക്കണമെന്നില്ല. അഭിരുചിക്കനുസരിച്ചുള്ള ഉപരിപഠനം നടത്തിയാൽ ജീവിതത്തിൽ നിരാശരാകേണ്ടിവരില്ല.
വെബസൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നതോടെ ഉപരിപഠനത്തിനാവിശ്യമായ വിവരങ്ങൾ മനസിലാക്കുവാനും ഈ വിവരങ്ങളെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് അനുയോജ്യമായ കോഴ്സുകളും കോളജുകളും കേരളത്തിൽ എവിടെയെല്ലാമുണ്ടെന്ന് മനസിലാക്കുവാനും സാധിക്കും. കൂടാതെ ഉന്നത മാർക്ക് നേടിയവർക്കുള്ള സ്കോളർഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റിലുണ്ട്. .വിവരങ്ങൾക്ക്: 9020338077.