കടുത്തുരുത്തി: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ (ആർഎഎഫ്) മാതൃകാ ഡ്രൈവർക്കുള്ള സംസ്ഥാന അവാർഡ് കടുത്തുരുത്തി സ്വദേശിക്ക്. അലരി കണ്ണന്തറയിൽ കെ.പി. ബോസിന് ആണ് അവാർഡ് ലഭിച്ചത്. 32 വർഷമായി ഹെവി ഉൾപെടെയുള്ള വാഹനങ്ങൾ ഓടിക്കുന്ന ബോസിന് ഇതുവരെ അപകടങ്ങളോ, കേസുകളോ നേരിടേണ്ടി വന്നട്ടില്ല.
ഇതാണ് ബോസിനെ അവാർഡിനർഹനാക്കിയത്. 1985 കാലത്താണ് ബോസ് ഡ്രൈവിംഗ് മേഖലയിലേക്ക് എത്തുന്നത്. കടുത്തുരുത്തി സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് തുടക്കം. പിന്നീട് വലിയ വാഹനങ്ങളിലേക്ക് മാറൂകയായിരുന്നു. ഇപ്പോൾ കടുത്തുരുത്തിയിൽ പിക്കപ്പ് ഓടിക്കുകയാണ് ഇദേഹം. പോലീസ്, ആർറ്റിഒ എന്നിവടങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവാർഡിനർഹരായവരെ തെരഞ്ഞെടുക്കുന്നത്.
മലപ്പുറത്ത് വച്ചു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയിൽ നിന്നും മാതൃകാ ഡ്രൈവർക്കുള്ള അവാർഡ് ബോസ് ഏറ്റുവാങ്ങി. കോട്ടയം ജില്ലയിൽ ബോസ് ഉൾപെടെ നാല് പേർക്കാണ് അവാർഡ് ലഭിച്ചത്. അലരി പുരുഷ സ്വാശ്രയസംഘത്തിലെ അംഗമായ ബോസിന് ഇന്നലെ സംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സംഘം പ്രസിഡന്റ് പ്രകാശ് കുമാർ, സെക്രട്ടറി വി.കെ. സൂരജ് എന്നിവർ നേതൃത്വം നൽകി.