ഡൊമിനിക് ജോസഫ്
മാന്നാർ: അപകട പരന്പരകളുടെ വാർത്തകൾ അറിഞ്ഞാണ് ഒാരോ ദിനവും കടന്ന് പോകുന്നത്. ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാകാത്ത ദിനങ്ങൾ വളരെ വിരളമാണ്. അമിതവേഗം, ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കപ്പെടാത്തത്, മറ്റ് വാഹനങ്ങളെ അമിത വേഗത്തിൽ മറികടക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, അശ്രദ്ധ, റോഡുകളുടെ അപര്യാപ്തത തുടങ്ങി അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ഏറെയാണ്.എന്നാൽ അല്പമൊന്നു ശ്രദ്ധിച്ചാൽ കുറെയൊക്കെ അപകടങ്ങൾ ഒഴിവാക്കുവാൻ കഴിയുമെന്നാണ് 35 വർഷമായി വാഹനം ഓടിക്കുന്ന ശിവദാസിന്റെ ഭാഷ്യം.
ഇത്രയും നാൾ വാഹനങ്ങൾ ഓടിച്ചിട്ടും മാന്നാർ കുട്ടംപേരൂർ കുളഞ്ഞി കാരാഴ്മ പുത്തൻപുരയിൽ ശിവദാസ് ഇതുവരെ അപകടങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. ചിട്ടയായ് ഡ്രൈവിംഗാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറയുന്നു. പുത്തുവിളപ്പടി ജംഗ്ഷനിൽ ടാക്സി ഡ്രൈവറായായ ശിവദാസ് സ്വന്തമായിട്ടുള്ളത് അംബാസിഡർ കാറാണെങ്കിലും ഓട്ടം കുറയുന്പോൾ മറ്റ് വാഹനങ്ങളും ഓടിക്കുവാൻ പോകും.
ഇത്തരത്തിൽ അപകടരഹിതമായി വാഹനം ഓടിച്ചതിന് മാതൃകാ ഡ്രൈവർക്കുള്ള അംഗീകാരവും ഈ 63 കാരനെ തേടിയെത്തി. കേരളാ സ്റ്റേറ്റ് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ ഈ വർഷത്തെ മാതൃകാ ഡ്രൈവർക്കുള്ള അവാർഡാണ് ശിവാദിസിന് ലഭിച്ചത്. തുടർച്ചായായി രണ്ടാം തവണയാണ് ഈ അവാർഡ് ലഭിക്കുന്നത്.
കഴിഞ്ഞ തവണ കോട്ടയത്ത് നടന്ന ചടങ്ങിലാണ് അവാർഡുകൾ ലഭിച്ചത്. ഇക്കുറി മലപ്പുറത്തായിരുന്നു അവാർഡ് ദാന ചടങ്ങ് നടന്നത് കേരളാ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് അവാർഡുകൾ വിതരണം ചെയ്തത്.ഭാര്യ കനകമ്മയും വിദ്യാർത്ഥികളായ മകേശ്,മകേശിനി എന്നിവരടങ്ങുന്നതാണ് ശിവദാസിന്റെ കുടുംബം. സംസ്ഥാനത്തെ മികച്ച ഡ്രൈവർമാരെ കണ്ടെത്തി എല്ലാവർഷവും അവാർഡുകൾ നൽകി വരുന്ന കേരളാ സ്റ്റേറ്റ് റോഡ് അക്സിഡന്റ് ഫോറം സംസ്ഥാനത്തെ അപകടങ്ങൾ പരാമവധി കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.