പയ്യന്നൂര്‍: ഇന്ത്യയിലെ മികച്ച ഫുട്ബോളറായി സഹല്‍ അബ്ദുള്‍ സമദ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതു പയ്യന്നൂരിന്റെ കായികപ്രേമികള്‍ക്കുള്ള പ്രോത്സാഹനവും അംഗീകാരവുമായി. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് സഹലിനെ എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തത്. ജനനം മുതല്‍ പ്രീഡിഗ്രി വിദ്യാഭ്യാസം കഴിയുന്നതുവരെ സഹല്‍ ഗള്‍ഫിലായിരുന്നു.
എയര്‍പോര്‍ട്ടിലും എയര്‍ഫോഴ്സിലും ഉദ്യോഗസ്ഥനായിരുന്ന പിതാവ് പയ്യന്നൂര്‍ കവ്വായിയിലെ പടിഞ്ഞാറെപുരയില് അബ്ദുള്‍ സമദ് ഫുട്ബോള്‍ കമ്പക്കാരനായിരുന്നു. കൂട്ടത്തില്‍ വോളിബോളും ടേബിള്‍ ടെന്നിസും. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണു സഹലിനു ഫുട്ബോളിനോടു പ്രണയം തോന്നിത്തുടങ്ങിയതെന്നു പിതാവ് പറയുന്നു.ഗള്‍ഫിലെ ഇത്തിഹാദ് ഫുട്ബോള്‍ അക്കാഡമി, ജി സെവന് എന്നീ പ്രമുഖ ക്ലബുകളുടെ കളിക്കാരനായിരുന്നു സഹല്‍.
നാട്ടിലെത്തിയ ശേഷം ഒരുവര്‍ഷം പിലാത്തറ സെന്റ് ജോസഫ് കോളജില്‍ പഠനം.പിന്നീട് തുടര്‍ വിദ്യാഭ്യാസം കണ്ണൂര്‍ എസ്എന്‍ കോളജില്‍. ഇക്കാലയളവിലാണു സന്തോഷ് ട്രോഫിയില്‍ സഹല്‍ തന്റെ കഴിവ് തെളിയിച്ചത്.കഴിഞ്ഞവര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ മത്സരം മുതലാണു കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയണിയാന്‍ തുടങ്ങിയത്.
കിംഗ്സ് ഫുട്ബോളിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് 23 അംഗ ടീമിലേക്കു സഹല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനിടയിലാണ് എസ്എന്‍ കോളജിലെ ബിബിഎം മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഈ ഇരുപത്തിരണ്ടുകാരന് ഇന്ത്യയിലെ മികച്ച ഫുട്ബോളർക്കുുള്ള പുരസ്കാരം ലഭിച്ചത്. ഐഎസ്എലിന്റെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരം നേരത്തേ സഹല്‍ നേടിയിരുന്നു.
അബ്ദുള്‍ സമദ്-സുഹറ ദമ്പതികളുടെ അഞ്ച് ആണ്മക്കളില് നാലാമനാണു സഹല്‍. മൂത്ത സഹോദരന് ഹാഫിസ് വോളിബോള്‍ താരമാണ്. രണ്ടാമത്തെ സഹോദരനായ ഫാസില്‍ ഇത്തിഹാദ് എയർവേസിനായി ജര്‍മനിയിൽ കളിച്ച ഫുട്ബോള്‍ താരമാണ്. സുഹാസ്,സല്മാന് എന്നിവരാണ് മറ്റു സഹോദരങ്ങള്‍. ഇന്ത്യന്‍ ഫുട്ബോളിന്റെ കുതിപ്പായി സഹല്‍ മാറിയതോടെ പയ്യന്നൂരും ആവേശത്തിലാണ്.