ബാഴ്സലോണ: ബാഴ്സലോണയിൽ മെസിയോട് മത്സരിക്കാൻ മെസി മാത്രം. ബാഴ്സയുടെ എക്കാലത്തേയും മികച്ച ഗോൾ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ ഒന്നിലും രണ്ടിലും മൂന്നിലും മെസിയുടെ ഗോൾ. അതേ, ഈ കുറിയമനുഷ്യൻ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളെറെന്ന് ഒരിക്കൽ കൂടി ലോകം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ കണ്ടെത്താനുള്ള ആരാധകരുടെ വോട്ടെടുപ്പിലാണ് മെസി നക്ഷത്രദൂരം മുന്നിലെത്തി വീണ്ടും വിസ്മയിപ്പിച്ചത്. 2006-07 കോപ്പ ഡെൽ റെ സെമിയിൽ മെസി ഗെറ്റാഫെയ്ക്കെതിരെ നേടിയ ഗോളാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
ബാഴ്സയുടെ പകുതിയിൽനിന്ന് പന്ത് സ്വീകരിച്ച് നാല് പ്രതിരോധ നിരക്കാരെ മൈതാനത്തിന്റെ പലഭാഗത്തുനിന്നായി വെട്ടിയൊഴിഞ്ഞ് ഗോൾ കീപ്പറെയും മറികടന്ന് പന്ത് വലയിലേക്ക്. സ്റ്റേഡിയം ഒന്നടങ്കം എഴുന്നേറ്റുനിന്ന് നമിച്ചുപോയൊരു ഗോൾ. സാക്ഷാൽ ഡിയാഗോ മറഡോണയെ അനുസ്മരിപ്പിക്കുന്ന (അതോ വിസ്മയിപ്പിക്കുന്നതോ) ഗോൾ. 1986 ൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഗോളിന്റെ കാർബൺ കോപ്പിയെന്നു വിശേഷിപ്പിക്കാവുന്ന ഗോൾ.
അതായിരുന്നു തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത്. ഈ ഗോൾ 45 ശതമാനം വോട്ടാണ് നേടിയത്. 2014-15 കോപ്പ ഡെൽ റെ ഫൈനലിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ നേടിയ ഗോളാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഈ ഗോൾ 28 ശതമാനം വോട്ട് നേടി. 2010-11 ൽ ചിരവൈരികളായ റയൽ മാഡ്രിഡിനെതിരെ അവരുടെ മൈതാനത്ത് നേടിയ ഗോൾ മൂന്നാം സ്ഥാനം നേടി. മെസിയുടെ ഈ വണ്ടർ ഗോൾ 16 ശതമാനം വോട്ട് നേടി.
2017 ൽ സ്പാനിഷ് താരം സെർജിയോ റോബർട്ടോ പിഎസ്ജിക്കെതിരെ 2017 ൽ അവസാന നിമിഷം നേടിയ ഗോൾ നാലാം സ്ഥാനം സ്വന്തമാക്കി. 160 രാജ്യങ്ങളിലെ 500,000 ബാഴ്സ ആരാധകരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. മത്സരത്തിനായി 63 മികച്ച ഗോളുകളാണ് ഉണ്ടായിരുന്നത്.