കണ്ണൂർ: കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ലോക്സഭാഗത്തെ കണ്ടെത്താൻ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ റാങ്കിംഗിൽ വടകര ലോക്സഭാംഗവും കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന് ഒന്നാം റാങ്ക്.
പാർലമെന്റിലെ ഹാജർ നില, പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾ, മണ്ഡലങ്ങളിൽ നടപ്പാക്കിയ വികസന പദ്ധതികൾ, പാർലമെന്റിൽ അവതരിപ്പിക്കുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ചുള്ള പഠനം, ഇതു സംബന്ധിച്ച ചർച്ചകളിലെ അഭിപ്രായ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മികച്ച എംപിമാരെ തെരഞ്ഞെടുത്തത്.
പാർലമെന്റിൽ 92 ശതമാനം ഹാജറും മണ്ഡലത്തിൽ 17.4 കോടി രൂപയുടെ വികസന പദ്ധതികളും മുല്ലപ്പള്ളി നടപ്പാക്കിയിട്ടുണ്ട്.പ്രവർത്തന മികവിന് എ പ്ലസ് ഗ്രേഡോഡു കൂടിയാണ് മുല്ലപ്പള്ളിയെ സംസ്ഥാനത്തെ ഏറ്റവും മികച്ച എംപിയായി തെരഞ്ഞെടുത്തത്.
ഏറ്റവും കൂടുതൽ ഹാജർ നില പുലർത്തുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും മണ്ഡലത്തിന്റെ വികസനകാര്യങ്ങളിൽ കൂടുതൽ ഫണ്ട് വിനിയോഗിക്കുകയും ചെയ്തതിന് പാർലമെന്റ് തന്നെ നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രനെ അനുമോദിച്ചിരുന്നു.
എ ഗ്രേഡ് നേടിയ തിരുവനന്തപുരം എംപി ശശി തരൂറിനാണ് രണ്ടാം സ്ഥാനം. ഇടുക്കി എംപി ജോയ്സ് ജോർജ്, ആലത്തൂർ എംപി പി.കെ. ബിജുഎന്നിവർക്കാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ.