കുന്നംകുളം: സംസ്ഥാനത്തെ ഏറ്റവും മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനായി ചാലിശേരി പോലീസ് സ്റ്റേഷനെയും ജില്ലയായി പാലക്കാടിനെയും തെരഞ്ഞെടുത്തതിൽ ആഹ്ലാദം.
കഴിഞ്ഞ വർഷമാണു ചാലിശേരിയിൽ ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി എം.ബീറ്റ് സംവിധാനം നിലവിൽ വന്നത്. സ്റ്റേഷൻ പരിധിയിലെ നാല് പഞ്ചായത്ത് പരിധിയിൽ എം.ബീറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ഏറ്റവും കൂടുതൽ ഭവന സന്ദർശനം നടത്തിയ പ്രവർത്തനത്തിനാണ് സംസ്ഥാനത്തലത്തി തന്നെ ചാലിശേരി സ്റ്റേഷൻ ഒന്നാം സ്ഥാനം നേടിയത്.
ബെസ്റ്റ് ബീറ്റ് ഓഫീസർ സർട്ടിഫിക്കറ്റ് സ്റ്റേഷനിലെ വി. ശ്രീകുമാർ, വി.ആർ. രതീഷ് എന്നിവർക്കു ലഭിച്ചു. ജനമൈത്രി പോലീസിന്റെ നേതൃത്യത്തിൽ നടന്ന നിരവധി സാമൂഹ്യകരമായ പ്രവർത്തനങ്ങൾ നാടിന് കഴിഞ്ഞ നാളുകളിൽ പുതിയൊരനുഭവമായിരുന്നു.
രോഗവ്യാപനത്തിലും ആഘോഷങ്ങളിലും നാടിനൊപ്പം നിൽക്കുന്ന ചാലിശേരി ജനമൈത്രി പോലീസിനു സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതിൽ അഭിമാനിക്കുകയാണ് ചാലിശേരി നാട്ടുകാർ.
തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയിൽ നിന്നു ചാലിശേരി സ്റ്റേഷൻ ഇൻസ്പെക്ടർ എ.പ്രതാപ് ഉപഹാരവും ബീറ്റ് ഓഫീസർമാർക്കുള്ള സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.