ചിത്താരിയില് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലന്സ് അറസ്റ്റ് ചെയ്തു.
സ്ഥലത്തിന്റെ ലീഗല് ഹയര് സര്ട്ടിഫിക്കറ്റ് നല്കാനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര് വിജിലന്സിന്റെ പിടിയിലായത്.
ചിത്താരി വില്ലേജ് ഓഫീസര് സി അരുണ്, വില്ലേജ് അസിസ്റ്റന്റ് കെ വി സുധാകരന് എന്നിവരെയാണ് കാസര്ഗോഡ് വിജിലന്സ് സംഘം അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസര്ക്കുള്ള പുരസ്ക്കാരം വാങ്ങിയയാളാണ് അരുണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അരുണിനെ മികച്ച വില്ലേജ് ഓഫീസറായി റവന്യുവകുപ്പ് തെരഞ്ഞെടുത്തത്.
സ്ഥലം അളന്ന് ലീഗല് ഹയര് സര്ട്ടിഫിക്കറ്റ് നല്കാന് ചിത്താരി ചാമുണ്ഡിക്കുന്ന് മുനയംകോട്ടെ എം അബ്ദുള് ബഷീറില് നിന്ന് 3,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.
അബ്ദുള് ബഷീറിന്റെ സഹോദരി ഭര്ത്താവ് മൊയ്തീന്റെ പേരില് കൊട്ടിലങ്ങാട് എന്ന സ്ഥലത്തുള്ള 17.5 സെന്റ് വില്പന നടത്തുന്നതിന് വേണ്ടിയാണ് ലീഗല് ഹയര് സര്ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്.
മൊയ്തീന്റെ ഭാര്യ ഖദീജയുടെ പേരില് ലീഗല് ഹയര് സര്ട്ടിഫിക്കറ്റും തണ്ടപ്പേരും നല്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ അബ്ദുള് ബഷീര് വിജിലന്സിനെ സമീപിക്കുകയായിരുന്നു.
ഫിനോഫ്തലീന് പൗഡര് പുരട്ടിയ 3,000 രൂപ കൈമാറിയതിന് പിന്നാലെ വിജിലന്സ് സംഘം പരിശോധനക്കെത്തുകയായിരുന്നു.
ഡിവൈഎസ്പി വി കെ വിശ്വംഭരന് നായരുടെ നേതൃത്വത്തിലുള്ള വിജിലന്സ് സംഘമാണ് ഇവരെ പിടികൂടിയത്.