വളർത്തു മൃഗങ്ങളും പക്ഷികളുമൊക്കെ ഉടമസ്ഥരോട് ഇണങ്ങുന്നതും ഉടമസ്ഥരുമായുള്ള അവരുടെ ബന്ധവുമൊക്കെ കൗതകമുണർത്തുന്നതും രസിപ്പിക്കുന്നതുമാണ്.
അങ്ങനെയൊരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പൂച്ചയും അതിന്റെ ഉടമസ്ഥനുമാണ് താരങ്ങൾ.
ഉടമസ്ഥൻ രണ്ട് കുപ്പികൾ പൂച്ചയുടെ മുൻപിൽ വെച്ചശേഷം പൂച്ചയോട് ഏതാനും ചോദ്യങ്ങൾ ചോദിക്കുന്നതും അതിനുള്ള പൂച്ചയുടെ മറുപടിയുമാണ് രസകരം.
കുപ്പികളിൽ പൂച്ചകൾ കുടിക്കുന്നത് ഏതാണെന്നായിരുന്നു ആദ്യത്തെ ചോദ്യം. പൂച്ചകൾ കുടിക്കുന്ന ബോട്ടിലിൽ കൈകൾ കൊണ്ട് തൊട്ട് ഉത്തരം നൽകി.
അടുത്തത് മനുഷ്യർ കുടിക്കുന്നത് ഏതാണെന്നായിരുന്നു ചോദ്യം. അതിനും കൃത്യമായ ഉത്തരം നൽകി.
മൂന്നാമത്തെ ചോദ്യത്തിനുള്ള പൂച്ചയുടെ ഉത്തരമാണ് രസകരം. കുപ്പികൾ തമ്മിൽ മാറിപ്പോയാൽ എന്തു സംഭവിക്കുമെന്നായിരുന്നു ഉടമസ്ഥന്റെ ചോദ്യം. ഉത്തരമായി മരിച്ചു വീഴുമെന്ന് ആംഗ്യം കാണിച്ചു.
ഇതു കണ്ട് ഉടമസ്ഥനും ചിരിക്കുകയാണ്. എന്തായാലും പൂച്ചയുടെ ഉത്തരം ഉടമസ്ഥനെ മാത്രമല്ല വീഡിയോ കാണുന്നവരെയെല്ലാം ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.