ഹൈദരാബാദ്: തെലുങ്കാനയിൽ മികച്ച കോൺസ്റ്റബിളിനുള്ള പുരസ്കാരം സ്വീകരിച്ചതിനു പിറ്റേന്ന് പോലീസുകാരൻ കൈക്കൂലി മേടിച്ചതിന് പിടിയിലായി. മെഹ്ബൂബ്നഗറിലെ ഐ ടൗൺ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പല്ലെ തിരുപ്പതി റെഡ്ഡിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സ്വാതന്ത്ര്യദിനത്തിൽ മന്ത്രി വി. ശ്രീനിവാസ ഗൗഡയുടെ പക്കൽനിന്നുമാണ് പല്ലെ തിരുപ്പതി റെഡ്ഡി പുരസ്കാരം സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി രമേ രാജേശ്വരിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
പുരസ്കാരം ലഭിച്ചതിനു തൊട്ടടുത്ത ദിവസവും പല്ലെ തിരുപ്പതി റെഡ്ഡി വാർത്തകളിൽ നിറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ പ്രതിയിൽനിന്നും 17,000 രൂപ വാങ്ങിയ റെഡ്ഡിയെ അഴിമതിവിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തെന്നായിരുന്നു വാർത്ത. മണൽക്കടത്തിനു കേസെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയത്. രമേഷ് എന്നയാളായിരുന്നു പരാതിക്കാരൻ.
പുഴയിൽനിന്നും മണൽവാരിക്കൊണ്ടുപോകാൻ അധികൃതരിൽനിന്നും അനുമതിപത്രം ഉണ്ടായിരിക്കെ പല്ലെ തിരുപ്പതി റെഡ്ഡിയും പോലീസുകാരും ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്നായിരുന്നു പരാതി. കോടതിയിൽ ഹാജരാക്കിയ റെഡ്ഡിയെ റിമാൻഡിൽവിട്ടു.