ഏറെ കൊട്ടിഘോഷിക്കപ്പെട്ട് പ്രാബല്യത്തില്‍ കൊണ്ടുവന്ന പദ്ധതിയാണ് പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ബേട്ടി ബചാവോ ബേഠി പഠാവോ. എന്നാല്‍ അതിലും തിരിമറിയും കൃത്രിമവും കേന്ദ്രം നടത്തി എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പദ്ധതിക്കായി അനുവദിച്ച തുകയില്‍ 56 ശതമാനവും ചെലവഴിച്ചത് പരസ്യങ്ങള്‍ക്കും മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്കും വേണ്ടിയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് 25 ശതമാനത്തില്‍ താഴെ മാത്രം തുകയാണെന്നും വ്യക്തമായിക്കഴിഞ്ഞു. 19 ശതമാനത്തോളം തുക വകയിരുത്തിയിട്ടേ ഇല്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2015 ജനുവരി 22നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ കുറഞ്ഞുവരുന്ന പെണ്‍ശിശുജനനനിരക്ക് വര്‍ധിപ്പിക്കുക, പെണ്‍കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുക എന്നീ ലക്ഷ്യങ്ങളായിരുന്നു പദ്ധതിയിലൂടെ മുന്നോട്ട് വെച്ചത്. എന്നാല്‍ പദ്ധതിയുടെ ലക്ഷ്യം പ്രശസ്തി മാത്രമായി ചുരുങ്ങിയെന്നാണ് സര്‍ക്കാര്‍ തന്നെ നല്കുന്ന രേഖകള്‍ വ്യക്തമാക്കുന്നത്.
2015ല്‍ പെണ്‍ശിശുജനനനിരക്ക് കുറഞ്ഞ 100 ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനം. രണ്ടാം ഘട്ടത്തില്‍ 61 ജില്ലകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഈ 161 ജില്ലകളിലെയും പെണ്‍ശിശു ജനനനിരക്ക് അനുപാതം പരിശോധിക്കുമ്പോള്‍ പദ്ധതിക്ക് ഇവിടങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വ്യക്തമാവുന്നത്. കേന്ദ്രഭരണപ്രദേശങ്ങളിലാണ് കുറവ് വ്യക്തമായി കാണാനാകുന്നത്.
ഇതുവരെ 644 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കായി വകയിരുത്തിയത്. ഇതില്‍ 159 കോടി മാത്രമാണ് സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കുമായി നല്‍കിയത്. ഫണ്ടുകള്‍ വകയിരുത്തുന്നതിലെ അപാകതയാണ് പദ്ധതിയുടെ ഭാഗിക പരാജയത്തിന് പിന്നില്‍. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ അവഗണിച്ച്, പ്രചാരണപരിപാടികള്ക്കും പരസ്യങ്ങള്‍ക്കുമായി ഇത്രയധികം തുക വകയിരുത്തിയതും കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എം.പിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വനിതാ ശിശുക്ഷേമന്ത്രി ലോക്സഭയില്‍ പറഞ്ഞതാണ് ഇക്കാര്യങ്ങള്‍.