ബംഗളുരു: സുഹൃത്തുക്കളുമായി ബെറ്റ് വച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്ന യുവാവിന് ദാരുണാന്ത്യം. ദീപാവലി ആഘോഷങ്ങൾക്കിടെ ബംഗളുരുവിലാണ് സംഭവം. 32കാരനായ ശബരീഷ് എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
രാത്രി മദ്യപിച്ചശേഷം സുഹൃത്തുക്കൾ ചേർന്നു പടക്കം പൊട്ടിക്കാൻ തുടങ്ങി. ഇതിനിടെയാണു ബെറ്റ് വച്ചത്. ശക്തിയേറിയ പടക്കത്തിന് തീ കൊടുത്ത ശേഷം കാർഡ് ബോർഡ് കൊണ്ട് മൂടി അതിന് മുകളിൽ ഇരിക്കണമെന്നായിരുന്നു ആവശ്യം. ഇങ്ങനെ ചെയ്താൽ ഒരു പുതിയ ഓട്ടോറിക്ഷയായിരുന്നു സുഹൃത്തുക്കൾ സമ്മാനമായി പറഞ്ഞിരുന്നത്. ശബരീഷ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയാറായി.
പെട്ടിക്ക് മുകളിൽ ശബരീഷ് ഇരിക്കുന്നതും ഒരാൾ പടക്കത്തിന് തീ കൊളുത്തിയ ശേഷം ഓടി മാറുന്നതും വീഡിയോയയിൽ കാണാം. പടക്കം പൊട്ടിയതിനു പിന്നാലെ സുഹൃത്തുക്കൾ തിരിച്ചെത്തിയപ്പോൾ ശബരീഷ് കുഴഞ്ഞു വീഴുന്നതും വീഡിയോയിലുണ്ട്.
യുവാവിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതാണ് മരണകാരണമെന്നാണു റിപ്പോർട്ടുകൾ. സംഭവത്തിൽ ആറു പേരെ പിടികൂടി കോടതിയിൽ ഹാജരാക്കിയതായി സൗത്ത് ബംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ലോകേഷ് ജഗലസർ പറഞ്ഞു.