തിരുവനന്തപുരം: മദ്യവിതരണത്തിനായി ബീവറേജസ് കോർപറേഷൻ തയാറാക്കിയ മൊബൈൽ ഫോൺ ആപ്പിന്റെ പേര് ബെവ് ക്യൂ. ആപ്പിന് ഔദ്യോഗിക അനുമതി ലഭിച്ചാൽ ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ആപ്പ് പ്ലേ സ്റ്റോറിൽ അപ്ഡേറ്റ് ചെയ്യാനായി ഗൂഗിളിന് നൽകിയിരിക്കുകയാണ്. ഐ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള ആപ്പ് ആപ് സ്റ്റോറിൽ നിന്നാണു ഡൗൺലോഡ് ചെയ്യേണ്ടത്.
എല്ലാ പ്ലാറ്റ്ഫോമിലും ആപ്പ് ലഭ്യമാക്കുമെന്നു ബവ്കോ അധികൃതർ അറിയിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളുമായി ആപ്പിന്റെ ട്രയൽ റൺ പൂര്ത്തിയാക്കും. ശനിയാഴ്ച മദ്യശാലകൾ തുറക്കാനായെക്കും എന്നാണ് എക്സൈസ് വകുപ്പ് കരുതുന്നുത്.
കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്പ് വികസിപ്പിച്ചത്. ജിപിഎസ് സംവിധാനം ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് ആപ്പിന്റെ പ്രവർത്തനം.
ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാർ, ബവ്കോ, കൺസ്യൂർഫെഡ്, ബീയർ ആൻഡ് വൈൻ പാർലർ എന്നിവിടങ്ങളിൽ നിന്ന് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ആപ്പ് നൽകുന്നത്.
ആപ്പ് വഴി റജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതാതു കേന്ദ്രങ്ങളിലെത്തിയാൽ മദ്യം ലഭിക്കും. ഒരാൾക്കു പരമാവധി മൂന്ന് ലീറ്റർ വരെ മദ്യമാണു ലഭിക്കുക. ബാറുകളിൽനിന്നടക്കം സർക്കാർ വിലയ്ക്കു മദ്യം ലഭിക്കും.
മദ്യം വാങ്ങാനെത്തുന്നവർ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബാറിലിരുന്നു മദ്യപിക്കാൻ അനുമതിയില്ല. ഭക്ഷണം പാഴ്സലായി വാങ്ങാം. ഇങ്ങനെയാണ് നിലവിൽ എടുത്തിരിക്കുന്ന തീരുമാനം.