പത്തനംതിട്ട: കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ ഇടപെടലുകൾ വൈകുന്നതിനെതിരെ ആറിന് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ തൊഴിൽ മേഖലകൾ പ്രവർത്തിക്കുന്പോൾ കാറ്ററിംഗ് മേഖലയോടു മാത്രം സർക്കാരിന്റെ അവഗണന തുടരുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി.
ഓഡിറ്റോറിയങ്ങളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ വിവാഹ ചടങ്ങുകൾക്ക് കാറ്ററിംഗ് നടത്താൻ അനുവദിക്കണം. കാറ്ററിംഗ് രംഗത്തുള്ളവർക്ക് ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകണം.
വായ്പ തിരിച്ചടവിന് ആറുമാസത്തെ കാലതാമസം അനുവദിക്കണം. ചെറുകിട വ്യാപര മേഖലയിൽ ഉൾപ്പെടുത്തി ഈ രംഗത്തുള്ള തൊഴിലാളികൾക്കും ക്ഷേമനിധി സൗകര്യം ലഭ്യമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആറിന് സംസ്ഥാന ഭാരവാഹികൾ സെക്രട്ടേറിയറ്റിന് മുന്പിൽ ഇരുപ്പ് സമരം നടത്തും. മറ്റ് ജില്ലകളിലെ ബിവറേജ് കോർപറേഷന്റെ ഒൗട്ട് ലെറ്റുകൾക്ക് മുന്പിൽ നില്പ് സമരവും നടത്തും.
ഭക്ഷണ വിതരണത്തിന് അനുമതി നിഷേധിക്കുന്പോൾ മദ്യ വിതരണത്തിന് അനുമതി നൽകുന്നതിൽ പ്രതിഷേധിച്ചാണ് മദ്യവില്പന കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മനോജ് മാധവശേരിൽ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് കുമാർ, വി.ആർ. പുഷ്പരാജ്, അജി ക്രിസ്റ്റി എന്നിവർ പങ്കെടുത്തു.