എംജെ ശ്രീജിത്ത്
തിരുവനന്തപുരം: ടോക്കൺ വഴിയല്ലാതെ അനധികൃതമായി ബാറുകൾ വഴി മദ്യ വിതരണം തകൃതിയായി നടക്കുന്നതിനാൽ സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തത്തിന് സാധ്യത.
ബീവറേജസ് ഔട്ട്ലെറ്റുകൾ വഴിയും ബാറുകൾ വഴിയും ടോക്കൺ അടിസ്ഥാനത്തിൽ മദ്യം വിതരണം ചെയ്യാൻ സർക്കാർ അനുമതി നൽകിയെങ്കിലും ടോക്കണിന്റെ ഭൂരിഭാഗവും പോകുന്നത് ബാറുകളിലേക്കാണ്.
എന്നാൽ ടോക്കണില്ലെങ്കിലും ഏതു സമയത്തും പോയാലും മിക്ക ബാറുകളിൽ നിന്നും മദ്യം ലഭിക്കും. ബീവറേജസ് ഔട്ട് ലെറ്റുകളിൽ മുന്പ് പൂരപറന്പിലെ ആളായിരുന്നുവെങ്കിൽ ഇപ്പോൾ ശോകമൂകമായ അവസ്ഥയാണ്. ബീവറേജസ് ഔട്ട് ലെറ്റുകളിൽ മദ്യ വിൽപന ദിനംപ്രതി കുറയുകയാണ്.
എന്നാൽ ബാറുകൾ വഴിയുള്ള മദ്യവിൽപന പൊടിപൊടിക്കുകയാണ്. ബാറുകളിലെ മദ്യ വിൽപന ശരിയായ വിധത്തിലാണോയെന്ന് പരിശോധിക്കേണ്ട എക്സൈസ് വകുപ്പാകട്ടെ ഉറക്കത്തിലാണ്. പരിശോധന കാര്യക്ഷമമല്ലാത്തതിനാൽ ബാറുകളിലൂടെ വിതരണം ചെയ്യുന്ന മദ്യത്തിന്റെ ഗുണമേൻമ സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്.
ഇക്കാര്യം എക്സൈസ് വകുപ്പിനും പോലീസിനും ലഭിച്ചിട്ടുമുണ്ട്. എന്നാൽ പരിശോധന മാത്രം ഒരിടത്തും നടക്കുന്നില്ല. ചില ബാറുകാരും എക്സൈസ് വകുപ്പും തമ്മിലുള്ള ഒത്തുകളി കാരണമാണ് പരിശോധന കാര്യക്ഷമല്ലാത്തതെന്നാണ് ബീവറേജസ് കോർപറേഷന്റെ പരാതി.
എക്സൈസ് വകുപ്പ് കാര്യമായി പരിശോധന നടത്തിയിരുന്നെങ്കിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴിയുള്ള മദ്യവിൽപന കൂടുമായിരുന്നുവെന്നാണ് ബെവ്കോ അധികൃതർ പറയുന്നത്.
മിക്ക ബാറുകളും വഴിയുള്ള മദ്യവിതരണം ചട്ടം ലംഘിച്ചും അനനധികൃതവുമായാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പല ജില്ലകളിലും സ്പെഷൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിമാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ടോക്കൺ വഴി മൂന്നു ലിറ്റർ മദ്യമാണ് സർക്കാർ ഒരാൾക്ക് അനുവദിച്ചിരിക്കുന്നത്.
എന്നാൽ ചില ബാറുകളിൽ നിന്ന് ആവശ്യാനുസരണം എത്ര വേണമെങ്കിലും ലഭിക്കും. ബാറുകളുടെ പ്രവർത്തന സമയം കഴിഞ്ഞും പിൻവാതിലിലൂടെ മദ്യം ലഭിക്കുന്നുണ്ട്. ഇങ്ങനെ വിതരണം ചെയ്യുന്ന മദ്യത്തിന് ബില്ല് നൽകുകയുമില്ല.
ഇതു ഗുണമേൻമയുള്ള മദ്യമാണോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. പല ബാറുകളും അവർ തന്നെ രഹസ്യമായി തയാറാക്കിയ മദ്യം വിൽപന നടത്തിയത് പിടികൂടിയ പല സംഭവങ്ങളും ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടുകളാണ് സ്പെഷ്യൽബ്രാഞ്ച് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകിയിട്ടുള്ളത്.
തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെവരെ ബാറുകൾ വഴി അനധികൃത മദ്യവിൽപന നടക്കുന്നുണ്ടെങ്കിലും എക്സൈസ് വകുപ്പിന്റേയും പോലീസിന്റേയും കണ്ണിൽമാത്രം അത് എത്തുന്നില്ല.
ബാറുകളിലെ അനധികൃത വിൽപന കാരണം ബെവ്കോ വഴിയുള്ള മദ്യ വിൽപന കുറയുന്നുവെന്നും എക്സൈസ് പരിശോധന കർശനമാക്കണമെന്നും ആവശ്യപ്പെട്ട് ബെവ്കോ എംഡി സ്പർജൻ കുമാർ എക്സൈസ് മന്ത്രി ടിപി.രാമകൃഷണനെ കാണും.
പലതരത്തിലുള്ള നിരവധി പരാതികൾ ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നും എകസൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഡി രാഷ്ട്രദീപികയോട് പറഞ്ഞു.