കോട്ടയം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നാടും നഗരവും സജീവതയിലേക്ക്. വ്യാപാര സ്ഥാപനങ്ങള്‍ മിക്കതും തുറന്നിട്ടുണ്ട്.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളും ഓര്‍ഡിനറി സര്‍വീസുകളും ആരംഭിച്ചു. ബസുകളില്‍ യാത്രക്കാര്‍ കുറവാണ്. ദീര്ഘദൂരസര്വീസുകളില് ആളുകളുണ്ട്.
സ്വകാര്യ ബസുകള്‍ നാമമാത്രമായിട്ടാണ് സര്‍വീസ് നടത്തിയത്. സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചു തുടങ്ങി.പകുതി ജീവനക്കാരാണ് ഹാജരായിരിക്കുന്നത്. ടാക്സി സ്്റ്റാന്ഡുകളും സജീവമായിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ നഗരത്തില്‍ സര്‍വീസ് സജീവമാക്കി.
മദ്യശാലകള്‍ തുറന്നതോടെ മദ്യശാലകള്‍ക്ക് മുമ്പില്‍ രാവിലെ തന്നെ തിരക്കാണ്. സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ പോലീസ് സാന്നിധ്യം മദ്യശാലകള്‍ക്കു മുമ്പിലുണ്ട്. ഹോട്ടലുകളില്‍ ഹോം ഡെലിവറിയും പാഴ്സല്‍ സര്‍വീസും മാത്രമേ അനുവദിച്ചിട്ടുള്ളു.
കോവിഡ് ലോക്ഡൗണിലെ ഇളവുകള്‍ വീണ്ടും രോഗവ്യാപനത്തിനു കാരണമാകാതിരിക്കാന്‍ പോലീസും ആരോഗ്യവകുപ്പും നിരീക്ഷണം കര്‍ശനമായി തുടരും.
കോവിഡ് മൂന്നാം വ്യാപനഭീതി തുടരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗവ്യാപനത്തോതും ഏതെങ്കിലും പഞ്ചായത്തുകളില്‍ പെട്ടന്ന് ഉയരുന്നതായി കണ്ടാല്‍ നിയന്ത്രണം വീണ്ടും കര്‍ക്കശമാക്കും.
തൃക്കൊടിത്താനം, കുറിച്ചി, കൂട്ടിക്കല്‍, വാഴപ്പള്ളി, മണിമല പഞ്ചായത്തുകളിലാണ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. ഇവിടെ രോഗനിരക്ക് നിലവില്‍ 20-30 ശതമാനത്തിലാണ്.
സംസ്ഥാന ശരാശരിയെക്കാള്‍ ഉയര്‍ന്നു നില്ക്കുന്ന 12 പഞ്ചായത്തുകളും ജില്ലയിലുണ്ട്. പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തില്‍ കുറവുള്ളത് കോട്ടയം, പാലാ, വൈക്കം നഗരസഭകളിലും 24 ഗ്രാമപഞ്ചായത്തുകളിലും മാത്രമാണ്.
ചങ്ങനാശേരി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട നഗരസഭകളിലും 42 പഞ്ചായത്തുകളിലും നിരക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന തോതിലായതിനാല്‍ ഇവിടെ കര്‍ശനമായ നിരീക്ഷണങ്ങള്‍ തുടരും. പോസിറ്റിവിറ്റി 30 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ നിലവില്‍ ജില്ലയിലില്ല.
സ്വകാര്യബസുകള്‍ നാമമാത്രമായി നിരത്തിലിറങ്ങി
കോട്ടയം: ഒന്നര മാസം നീണ്ട ലോക്ഡൗണിനുശേഷം സ്വകാര്യ ബസ് സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. വിവിധ റൂട്ടുകളില്‍ അന്‍പതോളം സ്വകാര്യബസുകള്‍ ഇന്ന് ഓടിത്തുടങ്ങുമെന്ന് ഇന്നലെ അറിയിച്ചെങ്കിലും നാമമാത്ര സര്വീസുകളേയുള്ളു. ലോക്ഡൗണിനുശേഷം സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ലിറ്ററിന് 10 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
സാധാരണ ഒരു ബസിന് 70 ലിറ്റര്‍ ഡീസല്‍ വേണ്ടിവരും. ഇന്ധന വര്ധനവുകൊണ്ടു മാത്രം 700 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ബസുകള്‍ ഓടാതെ കിടന്നതിനാല്‍ ബാറ്ററി, ടയര്‍ ഉള്‍പ്പെടെ സ്പെയര്‍ പാര്‍ട്സുകള്‍ പലതും മാറ്റിയിടേണ്ടിവരും.
ഒരു ടയറിന് 25,000 രൂപയോളം വിലയുണ്ട്. ഒരേ സമയം രണ്ടു ബാറ്ററി ഓട്ടത്തിന് ആവശ്യമുണ്ട്. പുതിയ ടയറിന് 28,000 രൂപ ചെലവുണ്ട്.
റോഡ് നികുതി അടവ് ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ നീട്ടി നല്കിയിട്ടുണ്ടത്.
നിലവില്‍ സര്‍വീസ് പുനരാരംഭിച്ചാലും യാത്രക്കാരുടെ എണ്ണം പൊതുവെ കുറവായിരിക്കും. ഇന്നും നാളെയും ഓടിയാല്‍തന്നെ ശനി, ഞായര്‍ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ ഏറെ ബസുകളും തിങ്കളാഴ്ച മുതല്‍ നിരത്തിലിറങ്ങാനാണ് സാധ്യത.
ബസ് ടിക്കറ്റ് നിരക്കില്‍ അവ്യക്തത
കോട്ടയം: ഇന്ന് ബസുകള്‍ ഭാഗികമായി നിരത്തിലിറങ്ങുമ്പോള്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അവ്യക്തത. മുന്‍പ് കോവിഡ് ലോക്ഡൗണില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തിയപ്പോള്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധന അനുവദിച്ചിരുന്നു.
മൂന്നു പേരുടെ സീറ്റില്‍ രണ്ടും രണ്ടു പേരുടെ സീറ്റില്‍ ഒന്നും വീതമാണ് അന്ന് അനുവദിച്ചിരുന്നത്. ഇന്നു മുതല്‍ ഒരു സീറ്റില്‍ ഒരാള്‍ എന്ന നിരക്കിലാണ് അനുവദിക്കുന്നതെങ്കില്‍ പരമാവധി 15 പേര്‍ക്കു മാത്രമേ യാത്ര ചെയ്യാനാകൂ.
ഒരാളെപ്പോലും നിര്‍ത്തി യാത്ര ചെയ്യാന്‍ അനുവദിക്കില്ല. കഴിഞ്ഞ വര്‍ഷം വ്യാപനം കുറഞ്ഞപ്പോള്‍ ബസുകളില്‍ സീറ്റുകളില്‍ പൂര്‍ണമായി യാത്രക്കാരെ ഇരുത്താന്‍ അനുവദിച്ചപ്പോള്‍ ടിക്കറ്റ് നിരക്കില്‍ കുറവു വരുത്തിയിരുന്നു.