ന്യൂഡൽഹി: മൂന്നാം ഘട്ട ലോക്ക്ഡൗണിൽ മദ്യവിൽപ്പനശാലകൾക്ക് ഇളവു നല്‍കിയതിനെത്തുടർന്നാണ് ഇന്നു രാവിലെ ഡൽഹി ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ കടകൾ തുറന്നത്.
എന്നാൽ തുറക്കുന്നതിനു മുന്‍പുതന്നെ പലയിടത്തും വലിയതോതിൽ ജനങ്ങൾ തടിച്ചുകൂടി. നീണ്ട ക്യൂവിൽ ജനങ്ങൾ നിയമാനുസൃതമുള്ള അകലം പാലിക്കാനും കൂട്ടാക്കിയില്ല.
പോലീസിന്റെ ശ്രമവും വിഫലമായതോടോ ഡൽഹിയിൽ രാവിലെ തുറന്ന മദ്യവില്പനശാലകൾ താമസിയാതെ അടച്ചു. ഡോക്ഡൗൺ തീരുന്ന 17നു ശേഷമേ ഇനി മദ്യവില്പനശാലകൾ തുറക്കൂയെന്ന് കടകൾക്കുമുന്നിൽ ബോർഡും വച്ചു.
മദ്യവില്പനശാലകൾ തുറന്ന മറ്റ് സംസ്ഥാനങ്ങളിലും വലിയ തിരക്കാണെന്നാണ് റിപ്പോർട്ടുകൾ. പലയിടത്തും പോലീസ് ലാത്തി വിശീയാണ് ജനങ്ങളെ ഓടിച്ചത്. തുറന്ന ദ്യക്കടകൾക്ക് മുന്നിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂവാണ് അനുഭവപ്പെടുന്നത്.
മദ്യം വാങ്ങാനെത്തുന്നവർ നിശ്ചിത അകലം പാലിച്ചു നിൽക്കണമെന്ന നിർദേശം പലയിടത്തും ലംഘിക്കപ്പെട്ടു. കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. അത്സമയം, കേരളവും പഞ്ചാബും അനുമതി നൽകിയിട്ടില്ല.