തിരുവനന്തപുരം: കേന്ദ്ര അനുമതിയുണ്ടായിട്ടും മദ്യശാലകൾ സംസ്ഥാനത്തു തത്കാലം തുറക്കേണ്ടന്നു തീരുമാനിച്ചത്, വിവാദങ്ങൾ ഒഴിവാക്കാൻ.
സ്പ്രിങ്ക്ളർ, സാലറി കട്ട് വിഷയങ്ങൾ പ്രതിപക്ഷം രാഷ്ട്രീയായുധമാക്കിയ സാഹചര്യത്തിൽ പുതിയ കൂടുതൽ വിവാദങ്ങൾക്കു വഴിയൊരുക്കിക്കൊടുക്കേണ്ടെന്ന വിലയിരുത്തലിലാണ് കേന്ദ്രം അനുമതി നൽകിയിട്ടും റെഡ് സോൺ ഒഴിച്ചുള്ള ജില്ലകളിൽപോലും സംസ്ഥാനത്ത് മദ്യശാലകൾ ഇപ്പോൾ തുറക്കേണ്ടെന്ന തീരുമാനത്തിനു പിന്നിൽ.
ബാറുകൾ ഒഴിച്ചുള്ള മദ്യവില്പനശാലകളുടെ കാര്യത്തിലാണു കേന്ദ്രം കഴിഞ്ഞ ദിവസം ഇളവ് അനുവദിച്ചത്. കേന്ദ്ര മാർഗനിർദേശങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്തു.
മദ്യവില്പനശാലകൾ തുറക്കുന്നതോടെ മദ്യപാനികൾ കൂട്ടത്തോടെ ഇടിച്ചുകയറാനിടുണ്ടെന്നു വിലയിരുത്തി. നേരിയ വീഴ്ച പോലും രോഗവ്യാപന സാധ്യത കൂട്ടാനിടയുണ്ടെന്നിരിക്കെ, അത്തരമൊരു വിവാദം ഈ ഘട്ടത്തിൽ വേണ്ടെന്ന അഭിപ്രായമുണ്ടായി. നേരിയ പിഴവ് പോലും രാഷ്ട്രീയാക്രമണത്തിന് ഇടയാക്കാമെന്ന വിലയിരുത്തലുണ്ടായി.