വൈപ്പിൻ: സുപ്രീംകോടതി വിധിയെ തുടർന്ന് ദേശീയ സംസ്ഥാനപാതയോരത്ത് നിന്നും നീക്കം ചെയ്യുന്ന ബിവറേജസ് കോർപ്പറേഷൻ, കണ്‍സ്യൂമർ ഫെഡ് എന്നിവയുടെ മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ ഇരുകൂട്ടരേയും സഹായിക്കണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് വകുപ്പിന്റെ വക രഹസ്യ നിർദ്ദേശം. സ്ഥലം കണ്ടെത്താനും പരിസരവാസികൾക്ക് എതിർപ്പുണ്ടെങ്കിൽ ഇടപെട്ട് സംസാരിക്കാനുമാണത്രേ നിർദേശമുള്ളത്.
ഓരോ എക്സൈസ് റേഞ്ചിലും ഇതു സംബന്ധിച്ച് അറിയിപ്പുകൾ എത്തിയതായി അറിയുന്നു. മദ്യഷാപ്പുകൾ മാറ്റി സ്ഥാപിക്കുന്പോൾ പരിസരത്തുള്ളവർ എതിർപ്പുകളുമായി രംഗത്തിറങ്ങാനുള്ള സാധ്യതയുള്ളതിനാൽ നീക്കം അതീവ രഹസ്യമായിരിക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ പലയിടത്തും നാട്ടുകാർ രംഗത്തെത്തിക്കഴിഞ്ഞു. ജനരോഷം തടയാൻ കഴിയാതെ വന്നതോടെയാണ് ബിവറേജസ് കോർപ്പറേഷനും കണ്‍സ്യൂമർ ഫെഡും മാറ്റിസ്ഥാപിക്കലിനു ഒരു വർഷം കൂടി സമയദൈർഘ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം നേരത്തെ ഹൈക്കോടതിയുടെ വിധി ഉണ്ടായിരുന്നിട്ടും മാറ്റി സ്ഥാപിക്കാതെ കോടതിയെ വെല്ലുവിളിച്ചു നടത്തി വന്നിരുന്ന ഒൗട്ട്ലറ്റുകളാണ് ഭൂരിഭാഗവുമുള്ളത്. എന്നാൽ 500 മീറ്റർ പരധിക്കകത്തുള്ള മദ്യശാലകൾക്ക് 2017 ഏപ്രിൽ മുതൽ ലൈസൻസ് പുതുക്കി നൽകരുതെന്ന സുപ്രീംകോടതി വിധി വന്നപ്പോഴാണ് ഇവർ നെട്ടോട്ടം പായുന്നത്.