ആലപ്പുഴ: ബീവറേജസ് ഒൗട്ട് ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ ഭിത്തി വൻ ശബ്ദത്തോടെ പൊട്ടിപ്പിളർന്നു. മദ്യം വാങ്ങാനെത്തിയവർ ഓടി രക്ഷപ്പെട്ടു. ചുങ്കത്ത് ബിവറേജസ് ഒൗട്ട്ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പ്രീമിയം കൗണ്ടറിനു സമീപമാണ് ഭിത്തി പൊട്ടിമാറിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.
കെട്ടിടത്തിൻറെ വടക്കു ഭാഗത്തെ ഭിത്തിയുടെ മുകൾ ഭാഗത്തെ തേപ്പടക്കമാണ് വിണ്ടു കീറിയത്. വനിത ജീവനക്കാരിയായിരുന്നു ഈ സമയം കൗണ്ടറിലുണ്ടായിരുന്നത്.ഭിത്തി അപകടകരമായ സാഹചര്യത്തിൽ പൊട്ടിയതോടെ കൗണ്ടറിന്റെ പ്രവർത്തനം താല്കാലികമായി അടച്ചു. പ്രീമിയമടക്കം മൂന്നു കൗണ്ടറുകളാണ് ഒൗട്ട് ലെറ്റിലുള്ളത്.
2017ലാണ് 20 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലേക്കു ഇരുന്പുപാലത്തിനു സമീപം പ്രവർത്തിച്ചിരിന്ന ഒൗട്ടലെറ്റ് മാറ്റി സ്ഥാപിച്ചത്.ദിവസം 18 ലക്ഷത്തോളം വിറ്റുവരവുള്ള ഒൗട്ട് ലെറ്റിൽ വനിത ജീവനക്കാരടക്കം ഒന്പതു ജീവനക്കാരാനുള്ളത്. കഴിഞ്ഞ വെള്ളപ്പൊക്കക്കാലത്ത് അഞ്ചു ദിവസം ഒൗട്ട് ലെറ്റിൽ മൂന്നടിയോളം വെള്ളം കയറിയതോടെ കെട്ടിടത്തിനു ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
ബീവറേജസ് കോർപറേഷൻ ഒൗട്ട് ലെറ്റിനായി കെട്ടിടം വാടകയ്ക്കെടുക്കുന്ന സമയത്ത് ആവശ്യപ്പെട്ടതനുസരിച്ച് കെട്ടിടമുടമ താഴത്തെ നിലയിൽ നാലുകൗണ്ടറുകളും മുകളിലെ നിലയിൽ സെൽഫ് സർവീസ് കൗണ്ടറടക്കമുള്ള സൗകര്യങ്ങളോടെ ഇരുനില കെട്ടിടം രണ്ടുമാസം മുന്പ നിർമിച്ചെങ്കിലും പഴയകെട്ടിടത്തിൽ തന്നെയാണ് ഒൗട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.