ചാലക്കുടി: മാർക്കറ്റിനു സമീപം ബീവറേജ് മദ്യവില്പനകേന്ദ്രം ആരംഭിക്കുവാൻ കെട്ടിടം വാടകയ്ക്കു നൽകിയ വ്യക്തിയെ പിൻതിരിപ്പിച്ച നഗരസഭാ ചെയർപേഴ്സനും മറ്റും നഗരസഭയുടെ കെട്ടിടം തന്നെ മദ്യവില്പന കേന്ദ്രത്തിനു വാടകയ്ക്ക് നൽകിയതിൽ നാട്ടുകാർക്ക് പ്രതിഷേധം. സൗത്ത് ജംഗ്്ഷനിലുള്ള ബീവറേജ് ഒൗട്ലറ്റ് സുപ്രീംകോടതി വിധിയുടെ പേരിൽ മാറ്റി സ്ഥാപിക്കുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം ഉയർന്നത്.
ആദ്യം മാർക്കറ്റിനു പിൻവശത്തുള്ള സ്വകാര്യവ്യക്തി മദ്യവില്പനകേന്ദ്രം തുറക്കാൻ കെട്ടിടം വാടകയ്ക്കു നൽകിയ വിവരം അറിഞ്ഞ് വാർഡ് കൗണ്‍സിലറുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ കൗണ്‍സിലറുടെ സ്വന്തം പേരുവെച്ച് പ്രതിഷേധ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച് വാടകയ്ക്ക് കെട്ടിടം നൽകിയ വ്യക്തിയെ അപമാനിച്ചു.
നഗരസഭാ ചെയർപേഴ്സന്റെ നേതൃത്വത്തിൽ സമുദായ നേതാക്കൾ ഉൾപ്പെടെ എത്തി വാടകയ്ക്കു നൽകിയ വ്യക്തിയെ പിന്തിരിപ്പിക്കുകയും ചെയ്തു.
ഇതിനുശേഷമാണ് നാടകീയമായി ഇതെ മാർക്കറ്റിനുള്ളിൽ തന്നെ മദ്യവില്പനകേന്ദ്രം തുറക്കാൻ നഗരസഭ ഭരണകക്ഷി അനുവാദം നൽകിയത്. മദ്യവിപത്തിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ച് കെട്ടിട ഉടമയെ പിന്തിരിപ്പിച്ച സമുദായ നേതാക്കളെയും സാംസ്കാരിക നേതാക്കളെയും നഗരസഭ വഞ്ചിച്ചിരിക്കുകയാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.