തൃപ്പൂണിത്തുറ: ചൂരക്കാടിനും പുതിയകാവിനും ഇടയ്ക്ക് ജനവാസ കേന്ദ്രത്തിൽ തുറന്നിരിക്കുന്ന വിദേശ മദ്യവില്പന ശാല അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കി തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഓഫ് റസിഡൻസ് അസോസിയേഷൻ (ട്രുറ). ഇതിന്റെ ഭാഗമായി 20ന് മദ്യശാലയ്ക്ക് മുന്നിൽ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
തൃപ്പൂണിത്തുറ നഗരസഭയിൽ നിലവിൽ 5 ബാറുകളും 3 ബിയർ പാർലറും ഒരു വിദേശ മദ്യവില്പനശാലയും പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് കടവന്ത്രയിൽ പ്രവർത്തിച്ചു വന്നിരുന്ന വിദേശമദ്യവിൽപനശാല തൃപ്പൂണിത്തുറ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുള്ളത്.
എറണാകുളം-ഏറ്റുമാനൂർ സംസ്ഥാന പാതയിൽ തൃപ്പൂണിത്തുറ പുതിയകാവ് റോഡിൽ ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പുകൾ അടക്കം ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപയുന്ന റോഡിനോട് ചേർന്നാണ് പുതിയ വിദേശമദ്യവില്പനശാല തുറന്നിരിക്കുന്നത് .ഇത് വൻ അപകടങ്ങൾക്ക് ഇടയാക്കാമെന്നും ജനങ്ങൾക്ക് ആശങ്കയുണ്ട്.
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസമാകുന്നതും ഗുരുതരമായ അപകടങ്ങൾക്ക് ഇടവരുത്തുന്നതുമായ ബിവറേജസ് കോർപ്പറേഷന്റെ ജനവാസ കേന്ദ്രത്തിൽ സ്ഥാപിച്ച പുതിയ വിദേശമദ്യവില്പനശാല അടച്ച് പൂട്ടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.