തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ ബിവറേജസ് കോർപറേഷനിൽ 456 പേരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്നു. നിയമനവുമായി ബന്ധപ്പെട്ട അഭിമുഖപരീക്ഷ നാളെ നടക്കും. പിഎസ്സിയിൽ 2000 ഉദ്യോഗാർഥികളടങ്ങുന്ന അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നത്.
പിഎസ്സി റാങ്ക് ലിസ്റ്റ് ഉള്ളപ്പോൾ മറ്റു നിയമനങ്ങൾ പാടില്ലെന്ന ചട്ടം നിലനിൽക്കെയാണു പുതിയ നീക്കം. കഴിഞ്ഞ ഓഗസ്റ്റിലാണ് പിഎസ്സിയുടെ ലിസ്റ്റ് നിലവിൽ വന്നത്. ലിസ്റ്റ് വന്ന് 15 ദിവസത്തിനകം പിഎസ്സി അഡ്വൈസ് മെമ്മോ അയയ്ക്കും. എന്നാൽ, ബിവറേജസ് കോർപറേഷൻ ഒഴിവുകൾ പിഎസ്സിയെ അറിയിച്ചില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ പിഎസ്സിയും തുടർനടപടി എടുത്തില്ല. ഇതിനിടെയാണ് 300 ഹെൽപ്പർമാർ, 156 അസിസ്റ്റ് ഗ്രേഡ് ജീവനക്കാർ എന്നിങ്ങനെയുള്ള ജീവനക്കാരെ ഡെപ്യൂട്ടേഷൻ വഴി നിയമിക്കാൻ തീരുമാനിച്ചത്.
ബിവറേജസ് കോർപറേഷനിൽ വർഷം തോറും നൽകുന്ന ഭീമമായ ബോണസ് തട്ടിയെടുക്കാൻ സെക്രട്ടേറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥർപോലും ഡെപ്യൂട്ടേഷൻ തരപ്പെടുത്തിയതു വിവാദമായിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതിൽ പ്രതിഷേധിച്ച് പിഎസ്സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.