തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രളയക്കെടുതി നേരിടാൻ പണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില കൂട്ടാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ബിവറേജസ് കോർപറേഷനും കണ്‍സ്യൂമർ ഫെഡും വഴി വിറ്റഴിക്കുന്ന സാധാരണ ഫുൾ ബോട്ടിൽ മദ്യത്തിന്റെ വിൽപന വിലയിൽ 20 രൂപ മുതൽ 60 രൂപ വരെ വർധനയുണ്ടാകും.
വെള്ളിയാഴ്ചയോ ശനിയാഴ്ചയോ എക്സൈസ് വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാൽ അടുത്ത ദിവസം മദ്യത്തിന്റെ വില വർധന നിലവിൽ വരും. മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി അര ശതമാനം മുതൽ 3.5 ശതമാനം വരെ നവംബർ 30 വരെ വർധിപ്പിക്കാനാണു തീരുമാനം.
എക്സൈസ് ഡ്യൂട്ടി അര ശതമാനം വർധിപ്പിക്കുന്നതോടെ വിൽപന നികുതിയിൽ ഒരു ശതമാനത്തിന്റെ വർധന വരും. അതായത് എക്സൈസ് ഡ്യൂട്ടിയുടെ ഇരട്ടി വിൽപന നികുതി വർധിക്കും. ഇതും രണ്ടും ചേർന്ന വർധനയാണു അടുത്ത ദിവസം മുതൽ നിലവിൽ വരുന്നത്. ഇതുവഴി 230 കോടി രൂപ അധികമായി സംസ്ഥാനത്തിന് അധികമായി ലഭിക്കും.
നിലവിൽ ആറ് സ്ലാബുകളിലായാണ് ഡ്യൂട്ടി നിശ്ചയിച്ചത്. 235 രൂപയ്ക്കും 250 രൂപയ്ക്കും ഇടയിൽ വിലയുളള മദ്യത്തിന് ഇപ്പോൾ പർച്ചേസ് കോസ്റ്റിന്റെ 21 ശതമാനമാണ് എക്സൈസ് നികുതി. അത് 21.5 ശതമാനമായി ഉയരും. ഇതിന്റെ ആനുപാതിക വിൽപന നികുതി കൂടി ഉയർത്തി വിലകണക്കാക്കുന്നതോടെ ഈ ഇനത്തിലുള്ള മദ്യത്തിന് 20 മുതൽ 25 രൂപ വരെ വില ഉയരും.
250 മുതൽ 300 രൂപ വരെ വില വരുന്ന മദ്യത്തിന് 22.5 ശതമാനമാണ് നിലവിലെ എക്സൈസ് ഡ്യൂട്ടി. ഇത് 24.5 ശതമാനമായി ഉയരും. 300 മുതൽ 500 രൂപ വരെയുള്ള രണ്ടു സ്ലാബുകളിലും മദ്യത്തിന്റെ എക്സൈസ് നികുതിയിൽ രണ്ടു ശതമാനം വീതം വർധന വരും.
500 മുതൽ 1000 രൂപ വരെയുള്ള മദ്യത്തിന്റെ എക്സൈസ് നികുതി 23.5 ശതമാനത്തിൽ നിന്ന് 27 ആയി ഉയരും. മദ്യത്തിന്റെ വില വർധന വഴി സംസ്ഥാനത്തിന് ലഭിക്കുന്ന അധിക വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.