ആലങ്ങാട്: മദ്യം വാങ്ങാനെത്തിയ യുവാവിനെ ബിവറേജ് ജീവനക്കാർ ക്രൂരമായി മർദിച്ചെന്ന് പരാതി. ആലുവ-പറവൂർ റോഡിൽ കോട്ടപ്പുറം ബിവറേജ് ഔട്ട്ലെറ്റിലെ ജീവനക്കാരാണ് മദ്യം വാങ്ങാനെത്തിയ പറവൂർ ചെറിയപ്പിള്ളി സ്വദേശി അജീഷിനെ (28) മർദിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്ന സംഭവം.
ബിവറേജിൽ മദ്യം വാങ്ങാനെത്തിയ അജീഷ് 1,620 രൂപ നൽകിയശേഷം രണ്ടു ലിറ്റർ വില കൂടിയ മദ്യം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ കുറഞ്ഞ മദ്യമാണ് നൽകിയതെന്നും ഇത് ചോദ്യം ചെയ്ത ജീവനക്കാർ മർദിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. മർദനമേറ്റ് അവശനിലയിലായ അജീഷിനെ ആലങ്ങാട് വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്ഐ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോട്ടപ്പുറം ബിവറേജിന്റെ ഔട്ട്ലെറ്റിൽ കിളിവാതിലിലൂടെ അമ്പതു രൂപ അധികം നൽകിയാൽ മദ്യം വാങ്ങുന്ന ആൾ ക്യൂ നിൽക്കേണ്ടെന്നും, മദ്യം വാങ്ങി ബാലൻസ് പണം ചോദിച്ചാൽ ജീവനക്കാരുടെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുമെന്നും ഇവർക്കെതിരേ നേരത്തെ തന്നെ പരാതിയുണ്ട്. കഴിഞ്ഞ ദിവസം മദ്യം വാങ്ങാനെത്തിയ പറവൂർ സ്വദേശിയെ ബാലൻസ് പൈസ ചോദിച്ചതിന്റെ പേരിൽ ഇവിടെ ഗുണ്ടകൾ മർദിച്ചിരുന്നെന്നും നാട്ടുകാർ പറയുന്നു.