
കൊച്ചി: കോവിഡ് 19 പടരുമ്പോഴും സംസ്ഥാനത്തെ മദ്യശാലകൾ പൂട്ടില്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് രംഗത്തി. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തകർ പ്രകടനമായി എത്തി പൂട്ടിച്ചു.
ജീവനക്കാരെ ഉൾപ്പടെ അകത്തിട്ട് പ്രതിഷേധക്കാർ ഔട്ട്ലെറ്റിന്റെ ഷട്ടർ താഴ്ത്തുകയായിരുന്നു. പിന്നീട് പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ഔട്ട്ലെറ്റ് തുറന്നത്.
നഗരത്തിലെ മറ്റ് ഔട്ട്ലെറ്റുകളും പൂട്ടിക്കുമെന്നും മുൻകരുതൽ നിർദ്ദേശിക്കുന്ന സർക്കാർ നിലപാടിൽ ആത്മാർഥതയില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
നേരത്തെ രാവിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ നടന്ന കള്ളുഷാപ്പ് ലേലത്തിനെതിരേയും യൂത്ത് കോണ്ഗ്രസ്, യൂത്ത് ലീഗ് സംഘടനകളുടെ പ്രതിഷേധമുണ്ടായിരുന്നു.