കൊട്ടാരക്കര: ബിവറേജസ് ഔട്ട് ലെറ്റിന്റെ പ്രവേശന വാതിൽ തുറക്കുന്നത് ജനത്തിരക്കുള്ള കൊട്ടാരക്കര പ്രൈവറ്റ് ബസ്റ്റാന്റിലേക്ക് .പല കോണുകളിൽ നിന്നും പ്രതിഷേധമുയർന്നിട്ടും അവഗണിക്കുകയാണ് ബിവറേജസ് കോർപ്പറേഷൻ അധികൃതരും നഗരസഭയും.അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരക്കര കെ.എസ്ആർടിസി.ബസ്റ്റാന്റിനും പ്രൈവറ്റ് ബസ്റ്റാന്റിനും ഇടയിലുള്ള ഇരുനില കെട്ടിടത്തിന്റെ മുകൾനിലയിലാണ് ബിവറേജസ് ഔട്ട് ലെറ്റ് പ്രവർത്തിച്ചു വരുന്നത്.
ഇതിനു തൊട്ടടുത്തു തന്നെയുള്ള മറ്റൊരു കെട്ടിടത്തിലായിരുന്നു നേരത്തെ പ്രവർത്തിച്ചിരുന്നത്. പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റി സ്ഥാപിക്കണമെന്ന കോടതി ഉത്തരവു വന്നതിനെ തുടർന്ന് ഈ സ്ഥാപനം ഇവിടെ നിന്നും രണ്ടു കിലോമീറ്റർ അകലത്തിലേക്കു മാറ്റിയിരുന്നു. പിന്നീട് ഉത്തരവിൽ ഇളവുകളുണ്ടായപ്പോൾ ജനത്തിരക്കേറിയ ബസ് സ്റ്റാന്റുകളുടെ അടുത്തേക്ക് തിരികെക്കൊണ്ടുവരികയായിരുന്നു.ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. മഹിളാ കോൺഗ്രസും യുവമോർച്ചയും പ്രത്യക്ഷ സമര പരിപാടികൾ നടത്തി.
മഹിളാ കോൺഗ്രസ്സ് നിയമ നടപടികളിലേക്കും നീങ്ങിയിരുന്നു.എന്നാൽ ഈ പ്രതിഷേധങ്ങൾക്കെല്ലാം പുല്ലുവിലയാണ് കോർപ്പറേഷൻ അധികൃതരും നഗരസഭയും നൽകിയത്. കെട്ടിടത്തിന് ലൈസൻസ് നൽകിയ നഗരസഭയുടെ നടപടിക്കെതിരെ കഴിഞ്ഞ താലൂക്ക് സഭയിലും പ്രതിഷേധമുയർന്നിരുന്നു.മദ്യപൻമാരുടെ അഴിഞ്ഞാട്ടങ്ങളും സംഘർഷങ്ങളുമാണ് പ്രതിഷേധങ്ങൾ ഉയരാൻ കാരണം. സ്ത്രീകൾക്കും കുട്ടികൾക്കും മറ്റും വഴി നടക്കാൻ പോലും കഴിയാത്ത സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്.
ബിവറേജസ് ഔട്ട് ലെറ്റ് വീണ്ടും സ്റ്റാന്റുകൾക്കു സമീപത്തേക്കു മാറ്റിയപ്പോൾ പ്രവേശന വാതിൽ പ്രൈവറ്റ് ബസ്റ്റൻറ് വഴിയായിരുന്നില്ല. ഒരാഴ്ച മുമ്പാണ് ഇത് പ്രൈവറ്റ് ബസ്റ്റാന്റ് വഴിയാക്കിയത്.തിരക്കുള്ള സമയങ്ങളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ നിര സ്റ്റാന്റിനുള്ളിലും നീളും.കൂടാതെ ഇരുചക്രവാഹനങ്ങളിലും മറ്റും എത്തുന്നവർ വാഹനങ്ങൾ സ്റ്റാന്റിൽ പാർക്ക് ചെയ്യുന്നതും പതിവാണ്.
ഇതു മൂലം ബസുകൾ വളയ്ക്കാനും മറ്റും ബുദ്ധിമുട്ടുകയാണെന്ന് ജീവനക്കാർ പറയുന്നു.ബസിൽ കയറുന്നതിനും മറ്റും സ്ത്രീകളും വലയുന്നു.സ്റ്റാന്റ് വഴിയുള്ള പ്രവേശന വാതിൽ അടക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ നഗരസഭാ സെക്രട്ടറിക്ക് കത്തുനൽകിയെങ്കിലും അനുകൂല നടപടി യുണ്ടായിട്ടില്ല. പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനൊരുങ്ങുകയാണ് വിവിധ സംഘടനകൾ