മാനന്തവാടി: നിപ്പാ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശമദ്യ വിൽപ്പനശാലയിലെ ജീവനക്കാരും നിതാന്ത ജാഗ്രതയിൽ. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ ബെവ്ക്കോ വിദേശമദ്യ വിൽപ്പനശാലയിലെ ജീവനക്കാരാണ് മാസ്ക്കും കൈയ്യുറയും ധരിച്ച് ജോലിയിലേർപ്പെടുന്നത്.
ബീവറേജ് കോർപ്പറേഷൻ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർ സ്വന്തം കയ്യിൽ നിന്നും പണം ചെലവഴിച്ച് സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയിരിക്കുന്നത്. ഈ പണം തിരികെ നൽകുന്നത് സംബന്ധിച്ച് കോർപ്പറേഷൻ നിലപാട് വ്യകതമാക്കിയിട്ടില്ല.
അന്യജില്ലകളായ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ മാനന്തവാടിയിലെ ബെവ് ക്കോയിൽ നിന്നും മദ്യം വാങ്ങാറുണ്ടെന്നത് കൂടി കണക്കിലെടുത്താണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
മദ്യം എടുത്ത് നൽകുന്നവർ, ബില്ല് അടിക്കുന്നവർ, പണം എണ്ണി തിട്ടപ്പെടുത്തുന്നവർ തുടങ്ങിയ മുഴുവൻ ജീവനക്കാരും മാസ്ക്കും കൈയ്യുറയും ധരിച്ചാണ് ജോലി ചെയ്യുന്നത്. അതേ സമയം ഇത് പൊതുജനങ്ങൾക്കിടയിൽ ഭീതി വർധിപ്പിക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.