മണ്ണാർക്കാട്: മണ്ണാർക്കാട് ആശുപത്രിപടിയിലുള്ള ബീവറേജ് ഒൗട്ട്ലെറ്റ് സെക്യൂരിറ്റിക്കാരനെ ടോയ്ലറ്റിലിട്ടു പൂട്ടി മോഷണം നടത്തിയ രണ്ടുപേരെ അറസ്റ്റുചെയ്തു. പ്രതികൾ ലാപ്ടോപ്പും മദ്യകുപ്പികളുമാണ് കവർന്നത്. ഇന്നലെ പുലർച്ചെ നാലിനായിരുന്നു സംഭവം.സംഭവവുമായി ബന്ധപ്പെട്ട് തെങ്കര കൈനിക്കാട് സൂര്യനാരായണൻ, പെരിന്പടാരി പിലാത്തൊടി ഫർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
പ്രാധമികാവശ്യങ്ങൾക്കായി ശൗചാലയത്തിൽ കയറിയ സെക്യൂരിറ്റി ജീവനക്കാരൻ ആത്തിക്ക് റഹ്്മാനെ മുറിയിൽ പൂട്ടിയിട്ടാണ് പ്രതികൾ മോഷണം നടത്തിയത്. ഇയാൾ ബഹളം വച്ചതോടെ സമീപത്തുള്ളവരെത്തി ഇയാളെ മോചിപ്പിച്ചു. വിവരമറിഞ്ഞ് പോലീസെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഇവരിൽ നിന്ന് ലാപ്ടോപ്പും മദ്യകുപ്പികളും പിടിച്ചെടുത്തു. ബീവറേജിലേക്കുള്ള വാതിലുകളുടെ ഓടാന്പൽ ഇളക്കി മാറ്റിയാണ് പ്രതികൾ അകത്തുകയറിയത്. മണ്ണാർക്കാട് എസ്ഐ അരുണ്‍ കുമാർ, എഎസ്ഐ സുരേഷ് ബാബു, സിലാസ്, ഷിബു എന്നിവരടങ്ങുന്ന പോലീസ് സംഘം വിശദമായ പരിശോധന നടത്തി. സ്ഥലത്തുനിന്ന് സ്പാനർ, സ്ക്രൂ ഡ്രൈവർ, ചുറ്റിക എന്നിവ കണ്ടെത്തി.
പോലീസ് വിരലടയാള വിദഗ്ദരെത്തി പരിശോധന നടത്തി. ചില പൂട്ടുകൾ യഥാർത്ഥ താക്കോൽ ഉപയോഗിച്ച് തുറന്നതിൽ ദുരൂഹതയുള്ളതായും പോലീസ് പറഞ്ഞു. ഇക്കാര്യത്തിൽ ബീവറേജ്സ് അധികൃതർക്കെതിരെയും അന്വേഷണം നീളും.