ചെറായി: രക്തേശ്വരി ബീച്ചിൽ ആംരംഭിച്ച കണ്‍സ്യൂമർ ഫെഡിന്റെ വിദേശമദ്യശാലക്കെതിരേ സമരം നടത്തിയിരുന്നവരേ പോലീസ് നീക്കം ചെയ്തു. കഴിഞ്ഞ 25 ദിവസമായി സ്ഥാപനത്തിനു മുന്നിൽ ഉപരോധം നടത്തി വന്ന സമരസമിതി മദ്യം വാങ്ങാനെത്തുന്നവരേ അകത്തേക്ക് കയറ്റിയിരുന്നില്ല.
ഇതേത്തുടർന്ന് കണ്‍സ്യൂമർഫെഡ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കോടതി പോലീസ് സംരക്ഷണത്തിനു ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ 11 ഓടെ പോലീസ് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പുമായി സമരപ്പന്തലിലെത്തി സമരക്കാരോട് കാര്യങ്ങൾ പറഞ്ഞെങ്കിലും ഇവർ പിൻമാറാൻ തയാറായില്ല.
പിന്നീട് വൈകുന്നേരം മൂന്നോടെ സമരത്തിനു നേതൃത്വം നൽകിയ മുൻപഞ്ചായത്തംഗമായ ടി.പി. ശിവദാസനുൾപ്പെടെ 31 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് പോലീസ് സംരക്ഷണത്തിൽ മദ്യശാല പ്രവർത്തനം തുടങ്ങി.
ബീച്ചിൽ രണ്ട് സ്വകാര്യ ബാറുകളും മൂന്ന് ബിയർ പാർലറുകളും ആരംഭിച്ചപ്പോൾ ആരും സമരത്തിനെത്തിയിരുന്നില്ല. എന്നാൽ സർക്കാർ മദ്യശാല തുടങ്ങിയപ്പോഴാണ് മദ്യവിപത്ത് പറഞ്ഞ് ഒരുപറ്റം ആളുകൾ രംഗത്തെത്തിയതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും മദ്യ ഉപഭോക്തൃ സമിതി ആരോപിച്ചു.