കൊട്ടാരക്കര: ടൗണിൽ നിന്നും മാറ്റി സ്ഥാപിച്ചിരുന്ന സർക്കാർ മദ്യ വിൽപനശാല വീണ്ടും ജനത്തിരക്കേറിയ ബസ്റ്റാന്റുകൾക്കു സമീപം തുറന്നു പ്രവർത്തനമാരംഭിച്ചതിനെതിരെ പ്രതിഷേധവുമായി സംഘടനകൾ. ബി.ജെ.പി.-യുവമോർച്ച പ്രവർത്തകർ പ്രത്യക്ഷ സമരപരിപാടികൾക്ക് തുടക്കം കുറിച്ചപ്പോൾ മഹിളാ കോൺ: ഈ വിഷയത്തിൽ നിയമനടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്.
കൊട്ടാരക്കര പുലമണിൽ കെ.എസ്.ആർ.റ്റി.സി.ബസ് സ്റ്റാന്റിനെയും സ്വകാര്യ ബസ് സ്റ്റാന്റിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ റോഡരുകിലാണ് വർഷങ്ങളായി സർക്കാർ മദ്യവിൽപനശാല പ്രവർത്തിച്ചു വന്നിരുന്നത്. അന്നു മുതൽ പ്രതിഷേധവും ആരംഭിച്ചിരുന്നു.
ബസ് സ്റ്റാന്റുകൾ തൊട്ടടുത്തായതിനാൽ ഈ ഇടുങ്ങിയ റോഡ് എപ്പോഴും ജനനിബിഡമാണ്. തിരക്കുള്ള ദിവസങ്ങളിൽ മദ്യശാലയിൽ നിന്നുള്ള ക്യൂ റോഡും കഴിഞ്ഞ് ബസ് സ്റ്റാന്റുവരെയും നീളാറുണ്ട്.ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടായിരുന്നു.പരസ്യമായ മദ്യപാനവും സംഘർഷങ്ങളും കയ്യാങ്കളികളും ഇവിടെ പതിവായി നടന്നിരുന്നു.
ഇതു മൂലം സ്ത്രീകളും കുട്ടികളും ഭയന്നാണ് ഇതുവഴി യാത്ര ചെയതിരുന്നത്.ഇവിടെ നിന്നും മദ്യവിൽപനശാല മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ വർഷങ്ങളോളം പ്രതിഷേധമുയർത്തിയിട്ടും ബിവറേജസ് കോർപ്പറേഷനും കൊട്ടാരക്കര മുനിസിപ്പാലിറ്റിയും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണുണ്ടായത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുതിയ മദ്യനയം വരികയും ദൂരപരിധി പുതുക്കി നിശ്ചയിക്കുകയും ചെയ്തതോടെയാണ് ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപനശാല ഇവിടെ നിന്നും മാറ്റി സ്ഥാപിച്ചത്.പുലമൺ ടൗണിൽ നിന്നും അകന്ന് ബോബി കൊട്ടാരക്കര റോഡിൽ ആളൊഴിഞ്ഞ സ്ഥലത്താണ് ഈ മദ്യവിൽപന കേന്ദ്രം മാറ്റി പ്രവർത്തനം തുടങ്ങിയത്.രണ്ടു വർഷത്തോളം അവിടെ പ്രവർത്തിച്ച മദ്യവിൽപന കേന്ദ്രമാണ് ഇപ്പോൾ വീണ്ടും ബസ് സ്റ്റാന്റുകൾക്ക് സമീപത്തേക്ക് മാറ്റിയിരിക്കുന്നത്.
സർക്കാർ ദൂരപരിധിയിൽ ഇളവു കൊണ്ടുവന്നതോടെയാണ് ഇത് ഇരുചെവിയറിയാതെ ബിവറേജസ് കോർപ്പറേഷൻ നടപ്പിലാക്കിയത്.ബസ്റ്റാന്റ് കൾക്കു സമീപം പഴയ സ്ഥലത്തിനു തൊട്ടടുത്തു തന്നെയാണ് ഇപ്പോഴത്തെ വിൽപന കേന്ദ്രം. പരസ്യ മദ്യപാനവും പൂരപ്പാട്ടുകളും ഇവിടെയും ആരംഭിച്ചിട്ടുണ്ട്.
മദ്യവിൽപനകേന്ദ്രം ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.-യുവമോർച്ച പ്രവർത്തകർ വിൽപന കേന്ദ്രത്തിലേക്ക് മാർച്ചു നടത്തുകയും കോർപ്പറേഷൻ എം.ഡി.ക്ക് പരാതി നൽകുകയും ചെയ്തു. മഹിളാ കോൺഗ്രസ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.