മട്ടാഞ്ചേരി: പാണ്ടിക്കുടിയിൽ കണ്‍സ്യൂമർ ഫെഡ് പുതിയതായി ആരംഭിച്ച വിദേശ മദ്യ വില്പന ശാലയുടെ പ്രവർത്തനം മേയർ നേരിട്ടെത്തി അടപ്പിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മേയർ സൗമിനി ജയിനും ഹെൽത്ത് ഓഫീസർ ബീനയും എത്തി മദ്യശാലയുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചത്. ശാലയുടെ ഗേറ്റ് ഇവർ അടച്ചു പൂട്ടി. ഇന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി ഇവിടെയുള്ള മദ്യത്തിന്റെ കണക്കെടുത്ത ശേഷം മദ്യശാല പൂട്ടി സീൽ ചെയ്യാനാണ് തീരുമാനം.
നേരത്തേ 24 മണിക്കൂറിനുള്ളിൽ മദ്യശാലയുടെ പ്രവർത്തനം നിർത്തണമെന്നു കാണിച്ച് നഗരസഭ കണ്‍സ്യൂമർ ഫെഡിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പ്രവർത്തനം നിർത്താൻ ഇവർ തയാറാകാതെ വന്നതോടെ മദ്യശാല പൂട്ടി സീൽ ചെയ്യാൻ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. വൈകുന്നേരം നാലരയോടെ മദ്യശാല പൂട്ടുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
എന്നാൽ ഉത്തരവ് നടപ്പാക്കേണ്ട ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് നാട്ടിലേക്ക് മടങ്ങിയതോടെ നഗരസഭ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി മാത്യു, കൗണ്‍സിലർമാരായ ശ്യാമള പ്രഭു, ബിന്ദു ലെവിൻ, ജയന്തി പ്രേംനാഥ്, ഷീബാ ലാൽ എന്നിവർ ഇടപെട്ട് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജുവിനെ സ്ഥലത്തെത്തിക്കുകയായിരുന്നു. എന്നാൽ ഉത്തരവ് തന്റെ പേരിലല്ലാത്തതിനാൽ നടപ്പാക്കാൻ കഴിയില്ലന്ന് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ നിലപാട് സ്വീകരിച്ചതോടെ സമരക്കാർ ക്ഷുഭിതരായി.
മേയറോ സെക്രട്ടറിയോ എത്താതെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറെ വിട്ടയക്കില്ലെ്ലന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നതോടെ സംഘർഷാവസ്ഥയായി. കൗണ്‍സിലർമാർ മേയറെ ബന്ധപ്പെട്ടതിനെത്തുടർന്ന് മേയർ എത്തുമെന്ന് ഉറപ്പുനൽകി. രാത്രി എട്ടോടെ മേയർ എത്തി മദ്യശാലയുടെ പ്രവർത്തനം നിർത്തണമെന്നും ബുധനാഴ്ച കണക്കെടുപ്പിനു ശേഷം പൂട്ടി സീൽ ചെയ്യുമെന്നും അറിയിക്കുകയായിരുന്നു. തുർന്ന് മദ്യ വില്പന നിർത്തി വയ്ക്കുകയും ഗേറ്റ് അടച്ചുപൂട്ടുകയും ചെയ്തു. ഇതോടെ കഴിഞ്ഞ ഏഴു ദിവസമായി നീണ്ടുനിന്ന പ്രദേശവാസി കളുടെ നിരാഹാര സമരം അവസാനിപ്പിച്ചു.