കൊച്ചി: സംസ്ഥാനത്തു മദ്യശാലകൾ പലതും പൂട്ടുകയും മാറ്റിസ്ഥാപിക്കുകയും ചെയ്തതോടെ ബിവറേജസ് ഒൗട്ട് ലെറ്റുകൾക്കു മുന്പിലെ നിരകൾക്കു നീളംകൂടി. വലിയ നിരകളിൽ ഏറെ നേരം ക്യൂ നിന്നു മദ്യം വാങ്ങിനൽകാൻ ക്വട്ടേഷൻ പിടിക്കുന്ന സംഘങ്ങളും സംസ്ഥാനത്ത് സജീവമായി.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയതും ഉൾപ്രദേശങ്ങളിലേക്കു മാറ്റിസ്ഥാപിച്ചതുമാണു മദ്യം വാങ്ങാനെത്തുന്നവർക്കു തിരിച്ചടിയായത്. പാതയോരങ്ങളിലെ മദ്യശാലകക്കെതിരെ കഴിഞ്ഞ 31നു സുപ്രീം കോടതി ഉത്തരവ് വന്നശേഷം സംസ്ഥാനത്ത് ആകെ 43 മദ്യശാലകൾ മാറ്റിസ്ഥാപിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിൽ നാല് ബിവറേജസ് ഒൗട്ട് ലെറ്റുകളാണു പുതിയതായി മാറ്റിസ്ഥാപിച്ചത്. തൃപ്പൂണിത്തുറ നഗരത്തിലുണ്ടായിരുന്ന ബിവറേജസ് ഒൗട്ട് ലെറ്റ് (7018) ഇരുന്പനത്തേക്കു മാറ്റിസ്ഥാപിച്ചിട്ടുണ്ട്. കോലഞ്ചേരിയിലെ ഒൗട്ട് ലെറ്റ് (7039) അയിക്കരനാട്ടേക്കും എറണാകുളം ലിസി ജംഗ്ഷനിലേതു (7012) മുളന്തുരുത്തിയിലേക്കുമാണു മാറ്റിസ്ഥാപിച്ചത്. പട്ടിമറ്റത്തെയും (7041) ബിവറേജസ് ഒൗട്ട് ലെറ്റ് മാറ്റിസ്ഥാപിച്ചു.
ഇതരസംസ്ഥാന തൊഴിലാളികളാണു കരാറടിസ്ഥാനത്തിൽ മദ്യത്തിനായി ക്യൂ നിൽക്കുന്നവരിലേറെയും. പല മേഖലകളിലും പല തരത്തിലാണു വരിനിൽക്കുന്നതിനു കമ്മീഷൻ ഈടാക്കുന്നത്. മദ്യം വാങ്ങിക്കൊടുക്കാൻ വരിനിൽക്കാൻ ക്വട്ടേഷൻ വാങ്ങുന്നവരെ നിരീക്ഷിക്കാൻ പോലീസും എക്സൈസും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.