കോട്ടയം: ബിറവേജസ് ചില്ലറ വിൽപ്പന ശാലകളിൽ ചില്ലറയല്ല ക്രമക്കേടുകൾ. ജീവനക്കാർക്ക് മദ്യപിക്കാൻ കുപ്പി കടത്തുന്നു. കുപ്പി പൊതിഞ്ഞു നൽകുന്നതിനു പത്രം വാങ്ങുന്നതിനും ക്രമക്കേട്. കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് വൻക്രമക്കേടുകൾ. ജില്ലയിലെ ഏഴു ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപന ശാലകളിലാണ് തിങ്കളാഴ്ച രാത്രി 7.30 മുതൽ അർധരാത്രി വരെ നീണ്ട പരിശോധന നടത്തിയത്.
കോട്ടയം, ഗാന്ധിനഗർ, പള്ളിക്കത്തോട്, ചിങ്ങവനം, മുണ്ടക്കയം, കടുത്തുരുത്തി ബിവറേജസ് കോർപറേഷൻ ചില്ലറ വിൽപന ശാലകളിലും, പാലായിലെയും ഏറ്റുമാനൂരിലെയും കണ്സ്യൂമർഫെഡിന്റെ ചില്ലറ വിൽപന ശാലകളിലുമായിരുന്നു പരിശോധന.ഡാമേജിന്റെ പേരിലും, മദ്യം പൊതിഞ്ഞു കൊടുക്കുന്ന പേപ്പർ വാങ്ങുന്നതിന്റെ പേരിലും വൻ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.
ഗാന്ധിനഗറിലെ ബിവറേജിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. ഇവിടെ വിൽപന നടത്തിയതായി കണ്ടെത്തിയ ബില്ലും തുകയും തമ്മിൽ അന്തരമുണ്ട്. ഏപ്രിൽ മാസം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ, ഡാമേജ് രജിസ്റ്ററിൽ 2000 രൂപയുടെ മാത്രം നഷ്ടമാണ് കാണിച്ചത്. എന്നാൽ മുൻ മാസങ്ങളിൽ 20,000 മുതൽ 25000 രൂപയുടെ വരെ നാശനഷ്ടം കാണിക്കുന്നുണ്ട്. ഇത് ജീവനക്കാർ മദ്യം എടുത്ത ശേഷം ഡാമേജ് ഇനത്തിൽ എഴുതുന്നതാണെന്നാണ് കണ്ടെത്തിയത്.
പ്രതിദിനം 50 കിലോഗ്രാം പത്രം വാങ്ങുന്നതായാണ് കണക്ക്. പരിശോധന നടത്തിയപ്പോൾ ഇവിടെ പേരിനു പോലും പത്രമുണ്ടായിരുന്നില്ല. മദ്യം പൊതിഞ്ഞു നൽക്കുന്നില്ലെന്ന് മദ്യപാനികളും പരാതിപ്പെട്ടിരുന്നു. ഇതുകൂടാതെയാണ് മദ്യത്തിന്റെ പേരും, വിലയും അളവും രേഖപ്പെടുത്തിയ ബോർഡ് ബിവറേജിനു മുന്നിൽ സ്ഥാപിച്ചിട്ടില്ലെന്നും കണ്ടെത്തി.
ജനപ്രിയ ബ്രാൻഡുകളായ ജവാൻ, ഫാർമർ എന്നിവ ആവശ്യത്തിനു സ്റ്റോക്കുണ്ടെങ്കിലും നൽകുന്നില്ലെന്നും കണ്ടെത്തി.
സ്വകാര്യ കന്പനികളുടെ ബ്രാൻഡുകൾ വിറ്റാൽ ഇതിനു കന്പനികൾ കമ്മീഷൻ നൽകും. ഇതിനു വേണ്ടിയാണ് ജവാൻ അടക്കമുള്ള ബ്രാൻഡുകൾ വിൽക്കാതെ മാറ്റി വയ്ക്കുന്നതെന്നാണ് കണ്ടെത്തൽ. പല ബിവറേജസ് കോർപറേഷൻ ചില്ലറ വിൽപ്പന ശാലകളിലും രണ്ടു ജീവനക്കാർ മാത്രമാണ് പലപ്പോഴും ജോലിയിൽ ഉണ്ടാകുക.
ബാക്കിയുള്ളവർ താല്കാലിക ജീവനക്കാർ മാത്രമാവും. അതുകൊണ്ടു തന്നെ ഇവരുടെ ഉത്തരവാദിത്വവും കുറവായിരിക്കുമെന്നും ഇത് തങ്ങളെ ബാധിക്കുന്നുണ്ടെന്നും ജീവനക്കാർ പരാതിപ്പെടുന്നു. ബില്ലിൽ കുറവുണ്ടായാൽ ജീവനക്കാരുടെ ശന്പളത്തിൽ നിന്നും തുക പിടിക്കും. പക്ഷേ, ഇതിനായുള്ള രജിസ്റ്റർ പക്ഷേ കൃത്യമായി പരിപാലിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പിമാരായ എസ്. സുരേഷ്കുമാർ, എം.കെ. മനോജ്, എ.ജെ. തോമസ്, നിഷാദ്മോൻ, റിജോ പി. ജോസഫ്, മുബാറക്, ജെർലിൻ സ്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.