പാറശാല : പാറശാലയിലെ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ മദ്യവിൽപ്പനശാലയിൽ നടത്തിയ വിജിലൻസ് പരിശോധനനയിൽ മദ്യത്തിന് അമിത വില ഈടാക്കുന്നത് പിടികൂടി .കൂടാതെ വ്യാപക ക്രമക്കേടും കണ്ടെത്തി.ചില്ലറ വിൽപ്പനശാലയെ കുറിച്ചുള്ള വ്യാപകപരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്.
രാവിലെ 11 .30 ന് സ്ഥലത്തെത്തിയ വിജിലൻസ് സംഘം ഒരുമണിക്കൂറോളം പുറത്തുനിന്നു നിരീക്ഷണം നടത്തിയശേഷം സ്ഥലത്തുണ്ടായിരുന്ന ഒരു മുതിർന്ന പൗരന്റെ കൈയിൽ 1000 രൂപ നൽകി ഏറ്റവും കുറഞ്ഞ ഒരുലിറ്ററിന്റെ റം വാങ്ങി നൽകുവാൻ ആവശ്യപ്പെടുകയായിരുന്നു.
ഇദ്ദേഹം കൗണ്ടറിൽ എത്തി റം ആവശ്യപെട്ടപ്പോൾ 600 രൂപയുടെ ഓപി ആർ റമ്മിന്റെ രസീത് നൽകി എന്നാൽ മദ്യം കൊടുക്കുന്ന കൗണ്ടറിൽ നിന്നും 440 രൂപ വിലയുള്ള ബ്ലാക്ക് പേൾ റം നൽകുകയുമാണ് ചെയ്തത്.
ഇതുമായി പുറത്തിറങ്ങിയ ഉടൻതന്നെ വിജിലൻസ് സംഘം അദ്ദേഹത്തിൽ നിന്നും മദ്യവും ബില്ലും ബാക്കി തുകയും വാങ്ങി പരിശോധനനടത്തുകയായിരുന്നു. പരിശോധനയിലെ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്.
യഥാർഥ ബില്ലിന് പകരം മദ്യത്തിന്റെ പേരും തുകയും മാത്രമേ ബില്ലിലുണ്ടായിരുന്നുള്ളൂ .
ജിഎസ് ടി ഉൾപ്പടെ മറ്റൊരു വിവരവും ഉണ്ടായിരുന്നില്ല. മദ്യത്തിന് 140 രൂപ അധികമാണ് വാങ്ങിയത്.
പാറശാല ചില്ലറ വിൽപ്പനശാലയെ കുറിച്ച് വ്യാപക പരാതിയാണുള്ളത് . മദ്യം വാങ്ങുന്നവർക്ക് ബാക്കി തുക നൽകാറില്ലെന്നും 185 മില്ലി കുപ്പിയിലുള്ളമദ്യം അനധികൃത കച്ചവടക്കാർക്ക് 20 രൂപ അധികം ഈടാക്കി മറിച്ചുവിൽക്കുന്നതായും ആരോപണമുണ്ട്.