കോട്ടയം: അവസരം കിട്ടിയാൽ മൂഷികനും കീരിയുംവരെ ലാർജ് സ്മോളായി അടിക്കുമെന്നു സംശയിക്കണം. കൊറോണ വല്യവധിക്കുശേഷം പ്രവേശനോത്സവത്തിനായി ബിവറേജ് മനോഹരമാക്കാൻ കയറിയവർ അന്തം വിട്ടുപോയി.
കാർഡ്ബോർഡ് പെട്ടികൾ മാത്രമല്ല അതിനുള്ളിലെ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ പലതും തുളവീണു കാലിയായ നിലയിലാണു പലയിടങ്ങളിലും കാണാനായത്.
വില-ബ്രാൻഡ് വേർതിരിവില്ലാതെ ബ്രാൻഡി, വിസ്കി, റം ഇനങ്ങളിൽ തുളയുണ്ടായി. കുടിതാമസമാക്കിയവർ തീർത്തതോ ചോർന്നതോ എന്നറിയില്ല താഴത്തെ തട്ടിലെ കുപ്പികളാണു പരക്കെ കാലിയായത്.
സംഘടിതരായി പെട്ടികൾ തുളച്ചുമുന്നേറിയപ്പോൾ അബദ്ധത്തിൽ കുപ്പികളും തുരന്നു പോയതാണോ എന്നതൊക്കെ കണക്കെടുപ്പും പരിശോധനയും കഴിഞ്ഞാലേ അറിയൂ.
വിദേശമദ്യക്കടകളിലെ മോഷണത്തിനു പിന്നിൽ മരപ്പട്ടി, പാക്കാൻ തുടങ്ങിവരെയും ബിവറേജ് കോർപറേഷൻ സംശയിക്കുന്നു. അലമാരകളിൽ പൂച്ചയും എലിയും അണ്ണാനും കൂടുകെട്ടി പ്രസവിച്ചുപോയതിന്റെയും തെളിവുകളുണ്ടായി.
ഔട്ട്ലറ്റുകളുടെ അയലത്തെ വീടുകളിലെ തുണികൾ കടയ്ക്കുള്ളിൽ കാണപ്പെട്ടതിനു പിന്നിലും ഇവരൊക്കെത്തന്നെ. ഏതാനും കടകളിൽ ചത്തുകിടന്ന മുപ്ലിവണ്ടുകളെ വാരി ചാക്കിലാക്കി മറവുചെയ്തു.
പൊടിമൂടിയ അലമാരകളിൽ പാറ്റ, പല്ലി, പഴുതാര. ഒരിടത്തും പൂട്ടുതകർത്തോ ഭിത്തിതുരന്നോ മനുഷ്യരാരും അകത്തു കയറിയതായി സൂചനയില്ല. അണുനശീകരണത്തിൽ എലി, കീരി, മരപ്പട്ടി തുടങ്ങിയ കുടിപാർപ്പുകാർ പുറത്തായെന്ന പ്രതീക്ഷയിലാണ് ഇന്നു രാവിലെ ഷട്ടർ ഉയരുക.