തോമസ് വർഗീസ്
തിരുവനന്തപുരം: കഴിഞ്ഞ സാന്പത്തിക വർഷത്തിൽ സംസ്ഥാനത്ത് ഏറ്റവുമധികം നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാമതുള്ളത് കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ .തൊട്ടുപിന്നിൽ കേരളാ വാട്ടർ അഥോറിറ്റിയും.
2018-19 വർഷത്തിൽ ഏറ്റവുമധികം ലാഭം സമ്മാനിച്ചത് ബിവറേജസ് കോർപ്പറേഷനാണ്. കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ പബ്ലിക് എന്റർപ്രൈസസ് റിവ്യു റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
1205.23 കോടിയുടെ നഷ്മാണ് കെഎസ്ആർടിസി കാണിക്കുന്നത്. പ്രവർത്തന വരുമാനത്തിൽ 2017-18 ലേതിനേക്കാൾ 20 ശതമാനം വർധനവ് 2018-19 ൽ ഉണ്ടായി. ഇതുമൂലം 2017-18 ലെ 2102 .44 കോടിയുടെ വാർഷിക നഷ്ടത്തിൽ നിന്നും വലിയ കുറവുണ്ടായെന്ന പ്രത്യേകത ഇക്കുറി കെഎസ്ആർടിസിക്കുണ്ട്.
വാട്ടർ അഥോറിറ്റി 386 കോടിയുടേയും കേരളാ ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ 323 കോടിയുടെയും നഷ്ടമാണ് 2018-19 സാന്പത്തിക വർഷത്തിൽ കാണിച്ചത്. ഇലക്ട്രിസിറ്റി ബോർഡ് 290 കോടിയുടേയും സിവിൽ സപ്ലൈസ് കോർപ്പറേഷൻ 125 കോടിയുടേയും വാർഷിക നഷ്ടം ഉണ്ടാക്കി.
കാഷ്യു ഡവലപ്മെന്റ് ബോർഡ്, ടെക്സ്റ്റൈൽസ് കോർപ്പറേഷൻ, മലബാർ സിമെന്റ്സ്, സെയിൽ കേരളാ, ഹൗസിംഗ് ബോർഡ് എന്നിവയാണ് 2018-19 ൽ നഷ്ടത്തിൽ മുൻപന്തിയിലുള്ള പത്തു പൊതുമേഖലാ സ്ഥാപനങ്ങളിലെ മറ്റുള്ളവ.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കഴിഞ്ഞ സാന്പത്തിക വർഷത്തെ ആകെ നഷ്ടത്തിന്റെ 92.87 ശതമാനവും ഈ പത്തു സ്ഥാപനങ്ങളുടേതാണ്.
2018-19-ൽ ഏറ്റവുമധികം ലാഭം സമ്മാനിച്ച ബിവറേജസ് കോർപ്പറേഷന്റെ ലാഭവിഹിതം 178.87 കോടിയാണ്. തൊട്ടുപിന്നാലെ കേരളാ മിനറൽസ് ആന്ഡ് മെറ്റൽസ് 105.47 കോടിയുടെ ലാഭമുണ്ടാക്കി.
കെഎസ്എഫ്ഇ 81.36 കോടി, കഐസ്ഐഡിസി 33.81 കോടി ട്രാവൻകൂർ-കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് 25.83 എന്നിങ്ങനെയാണ് 2017-18ല-ൽ ലാഭമുണ്ടാക്കിയതിൽ ആദ്യ അഞ്ചിൽ ഉൾപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ.