തിരുവനന്തപുരം: വൻവിൽപ്പനയുള്ള ജവാൻ ഫുൾ ബോട്ടിൽ റമ്മിന് ഇന്നു മുതൽ 450 രൂപ കൊടുക്കണം. സംസ്ഥാനത്ത് ഇന്നു മുതൽ പുതുക്കിയ മദ്യവില നിലവിൽ വന്നതോടെ മദ്യത്തിന് ഏഴു ശതമാനം വരെ വർധനയുണ്ടായി.
ഇതോടെ 10 രൂപ മുതൽ 90 രൂപവരെയാണ് മദ്യത്തിന് വിലകൂടിയിരിക്കുന്നത്. ഏറ്റവും വിലക്കുറവിൽ ലഭിച്ചിരുന്ന മദ്യമായ ജവാന് നേരത്തെ 420 രൂപയായിരുന്നു വില. ഇന്നലെ മുതലാണ് വില വർധന പ്രാബല്യത്തിൽ വന്നത്. പക്ഷെ ഇന്നലെ ഡ്രൈ ഡേ ആയിരുന്നതിനാൽ ഇന്നു മുതലാണ് വില വർധന നടപ്പിലായത്.
വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 രൂപയായി. ഓൾഡ് പോർട് റം അഥവാ ഒപിആറിന്റെ 660 രൂപ വിലയുള്ള ഒരു ലിറ്റർ മദ്യത്തിന് ഇനി മുതൽ 710 രൂപ നൽകേണ്ടി വരും.
എംഎച്ച് ബ്രാൻഡിക്ക് 950 ൽ നിന്നും 1020 ആയും ഓൾഡ് മങ്ക് ലെജൻഡിനു 2020 ൽ നിന്നും 2110 ആയും വില വർധിച്ചു. അതേസമയം ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റമുണ്ടാകില്ല.
വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് വര്‍ഷം 1,000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്ന് കരുതുന്നു. പ്ലാസ്റ്റിക് കുപ്പിയിൽ നിന്നു ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്റെ ഭാഗമായി 750 മില്ലി ലിറ്റർ മദ്യം ഇനി ചില്ലു കുപ്പിയിലായിരിക്കും ലഭിക്കുക.
ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സർക്കാർ ഉടൻ തീരുമാനം എടുക്കും.