കോഴിക്കോട്: ലോക്ക്ഡൗണില്‍ മദ്യം കടത്തിയത് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനാണെന്ന ജീവനക്കാരന്റെ മൊഴി അന്വേഷണം വഴിതിരിച്ചുവിടാനെന്ന് കണ്ടെത്തല്‍.
എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്ന് മൊഴി നല്കിയാല് രക്ഷപ്പെടാനാവുമെന്നാണ് ജീവനക്കാരന് കരുതിയത്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തിയതിലൂടെ ഇതില്‍ കഴമ്പില്ലെന്ന് കണ്ടെത്തി.
ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സേനയ്ക്കുള്ളില്‍ തന്നെ രഹസ്യമായി അന്വേഷിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരില്‍ ആരും ഇപ്രകാരം മദ്യം വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്തില്ലെന്ന് ബോധ്യപ്പെട്ടിരുന്നതായും ഡെപ്യൂട്ടി കമ്മീഷണര്‍ പ്രേംകൃഷ്ണ അറിയിച്ചു.
മൂന്നു ജീവനക്കാര്‍ക്ക് സസ്പെന്ഷന്
ഔട്ട്ലെറ്റില് നിന്ന് മദ്യം കടത്തിയ സംഭവത്തില്‍ മൂന്നു ബെവ്കോ ജീവനക്കാര്‍ക്ക് സസ്പന്ഷന്. ടി.മോഹനചന്ദ്രന്, പി.കെ.വിനോദ്കുമാര്‍, ടി.നിഖില്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തുകൊണ്ട് ബെവ്കോ എംഡി ജി.സ്പര്‍ജന്‍ കുമാര്‍ ഉത്തരവിട്ടത് . ഉത്തരമേഖലാ റീജണല്‍ മാനേജര്‍ വി.സതീശന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ജീവനക്കാരുടെ പങ്ക് വ്യക്തമാക്കിയത്.
ലോക്ക്ഡൗണ്‍ കാലത്ത് 3.64 ലക്ഷം രൂപയുടെ മദ്യം കടത്തിയെന്നാണ് ജീവനക്കാരനെതിരേയുള്ള പരാതി. അരയിടത്ത്പാലത്തിന് സമീപത്തുള്ള ബീവ്റേജസ് ഔട്ട്ലെറ്റില് നിന്നാണ് മദ്യം പുറത്തുകൊണ്ടുപോയി വിറ്റത്. മൂന്നിരട്ടി വിലയ്ക്ക് വരെ ഇവര്‍ മദ്യം വില്‍പ്പന നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
ഈ വില്‍പ്പന കേന്ദ്രം കഴിഞ്ഞ മാസമാണ് തണ്ണീര്‍പന്തലിലേക്ക് മാറ്റിയത്. ഔട്ട്ലെറ്റ് മാറ്റത്തിന്റെ ചുമതലയുണ്ടായിരുന്നത് മോഹനചന്ദ്രനായിരുന്നു. ഔട്ട്ലെറ്റ് തണ്ണീര്‍പന്തലിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഇയാള്‍ ഇടക്കിടെ അരയിടത്ത്പാലത്തെ ഔട്ട്ലെറ്റില് എത്താറുണ്ടായിരുന്നു. ഈ സമയം മദ്യം എടുത്ത് കാറില്‍ കയറ്റി പുറത്തുകൊണ്ടുപോയി വില്‍പ്പന നടത്തിയെന്നാണ് കണ്ടെത്തല്‍.
മേയ് 28 നാണ് തണ്ണീര്‍പന്തലില്‍ ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് വിറ്റ മദ്യം കണക്കില്‍ ഉള്‍പ്പെടുത്താനായി ഇയാള്‍ കൃത്രിമ ബില്ലുകള്‍ തയാറാക്കി. അന്നെടുത്ത മദ്യം പുതിയ ഔട്ട്ലെറ്റില് നിന്ന് വിറ്റുവെന്ന രൂപത്തിലാണ് ബില്ലുകള്‍ തയാറാക്കിയത്.
എന്നാല്‍ നേരത്തെ അരയിടത്ത്പാലത്തുണ്ടായിരുന്ന പല ബ്രാന്‍ഡുകളും പുതിയ ഔട്ട്ലെറ്റില് സ്റ്റോക്കുണ്ടായിരുന്നില്ല. സ്റ്റോക്കില്ലാത്ത മദ്യത്തിന് ബില്‍ അടിച്ചത് ശ്രദ്ധയില്‍പ്പെട്ട മറ്റു ജീവനക്കാരാണ് ബീവ്കോ എംഡിക്ക് പരാതി നല്‍കിയത്.
മോഹനചന്ദ്രന് കൊണ്ടുവന്ന മദ്യം വിനോദ്കുമാറിനും നിഖിലിനും നല്‍കിയിരുന്നു. ഇക്കാരണത്താലാണ് ഇവര്‍ക്കെതിരേയും നടപടി സ്വീകരിച്ചത്.