തെന്മല: കിഴക്കന്‍ മലയോര മേഖലയിലെ സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലകളില്‍ നിന്നും വന്‍തോതില്‍ മദ്യം പുറത്തേക്ക് ഒഴുകുന്നത് ജീവനക്കാരുടെ ഒത്താശയോടെ. കഴിഞ്ഞ ദിവസം തെന്മലയിലെ സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലയില്‍ നിന്നും അനധികൃതമായി കടത്തിയ 60 കുപ്പിയോളം മദ്യം പോലീസ് പിടികൂടി.
കേസില്‍ പിടിയിലായ പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലകളില്‍ നടക്കുന്ന അനധികൃത നടപടികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
മദ്യ വില്‍പ്പന ശാലയിലെ മാനേജര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ആവശ്യത്തിന് കൈമടക്ക് നല്‍കിയാണ് മദ്യം പുറത്തേക്ക് കൊണ്ടുപോകുന്നത്.
കുപ്പി ഒന്നിന് 30 മുതല്‍ 50 രൂപ എന്ന നിലയിലാണ് കമ്മീഷന്. പലപ്പോഴും മദ്യം വലിയ രീതിയില്‍ വാങ്ങുന്ന ആള് നേരിട്ട് എത്തി ഇവ കൊണ്ടുപോകാറില്ല.
പകരം കൂലിക്ക് ആളെ നിര്‍ത്തി അയാള്‍ വഴിയാണ് മദ്യം ചാക്ക് കണക്കിന് പുറത്തേക്ക് കൊണ്ടുപോകുന്നത്. പിടിയിലായാല്‍ യഥാര്‍ഥ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കാതിരിക്കാനാണ് ഇത്തരത്തില്‍ ചെയുന്നത്.
മുഖ്യ കണ്ണി പറഞ്ഞുവിടുന്ന ആള് മദ്യ വില്‍പ്പന ശാലയില്‍ എത്തുമ്പോള്‍ മാനേജരോ അല്ലങ്കില്‍ സെക്യൂരിറ്റിക്കാരന് അടക്കമുള്ള ജീവനക്കാരില്‍ ആരെങ്കിലുമോ ചാക്കില്‍ കെട്ടി വച്ചിരിക്കുന്ന മദ്യം ഇയാളെ ഏല്‍പ്പിക്കും.
ഈ മദ്യം കൃത്യമായി എത്തിക്കെണ്ടടുത്തു എത്തിക്കുമ്പോള്‍ ഇയാള്‍ക്ക് ലഭിക്കുക ആയിരത്തി അഞ്ഞൂറ് മുതല്‍ രണ്ടായിരം രൂപവരെയാണ്.
ഇനി ഇതിനിടയില്‍ പിടിക്കപ്പെട്ടാല്‍ ഇയാളെ ജാമ്യത്തില്‍ ഇറക്കുക്കയും കേസടക്കം നടത്താന്‍ സഹായിക്കുകയും ചെയ്യും. നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരെയും അസുഖ ബാധിതരെയോ ആകും മദ്യം കടത്താന്‍ ഇക്കൂട്ടര്‍ കൂടുതലായി ഉപയോഗിക്കുക.
തെന്മലയിലെ മദ്യ വില്‍പ്പന ശാലയെ കുറിച്ച് മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വാങ്ങുന്ന മദ്യത്തിന് ബില്‍ നല്‍കാതിരിക്കുക, കൂടുതല്‍ തുക ഈടാക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികള്‍ നിരന്തരം ഉയര്‍ന്നിട്ടും അധികൃതര്‍ ആരും തന്നെ നടപടി സ്വീകരിച്ചിട്ടില്ല.
അടുത്തിടെയും തെന്മല സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലയില്‍ വിജിലന്‍സ് പരിശോധന നടന്നിരുന്നു. എന്നാല്‍ പലപ്പോഴും ഉന്നതങ്ങളിലെ സ്വാധീനം ഇത്തരം കാര്യങ്ങളില്‍ അന്വേഷണം ഉണ്ടാകുന്നത് തടയപ്പെടുകയാണ് ചെയുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ തെന്മല പോലീസ് മദ്യം കടത്തിലിന് പിന്നിലെ ജീവനക്കാരുടെ പങ്കു അന്വേഷിക്കണം എന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടാണ് ഉന്നതര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.