വാഷിംഗ്ടണ്‍: ആമസോണ്‍ സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ ജെഫ് ബെസോസും സംഘവും ബഹിരാകാശയാത്ര നടത്തി സുരക്ഷിതമായി തിരിച്ചെത്തി.
ബെസോസിന്റെ ബഹിരാകാശ കന്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് എന്ന ബഹിരാകാശ വാഹനത്തിൽ യുഎസിൽ വെസ്റ്റ് ടെക്സസിലെ സ്പേസ് പോർട്ടിൽനിന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 6.43ന് ആയിരുന്നു പേടകം വിക്ഷേപിച്ചത്.
രണ്ടാം മിനിറ്റിൽ ക്യാപ്സൂൾ റോക്കറ്റിൽനിന്നു വേർപെട്ട് ബഹിരാകാശ അതിര്‍ത്തിയായ കാർമൻ ലൈനിലേക്കു കുതിച്ചു.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 100 കിലോമീറ്റർ ഉയരെയുള്ള കാർമൻ രേഖ കടന്നു ന്യൂ ഷെപ്പേഡ് 107 കിലോമീറ്ററിന് (3,51,210 അടി) അടുത്ത് ഉയര ത്തിലെത്തി.
യാത്രികര്‍ നാലു മിനിറ്റ് ബഹിരാകാശത്തു ഭാരമില്ലായ്മ അനുഭവിച്ചു. 10 മിനിറ്റ് 10 സെക്കൻഡിൽ ബെസോസിനെയും മറ്റു മൂന്നു ബഹിരാകാശ യാത്രികരെയും വഹിച്ചുള്ള ക്യാപ്സൂൾ നിലംതൊട്ടു.
‘എക്കാലത്തെയും നല്ല ദിവസം’- ബഹിരാകാശ യാത്രയ്ക്കുശേഷം തിരിച്ചെത്തിയ ജെഫ് ബെസോസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
ജെഫ് ബെസോസിന്റെ സഹോദരൻ മാർക് ബെസോസ് (53), ടെക്സസിൽനിന്നുള്ള 82 വയസുള്ള വാലി ഫങ്ക് എന്ന വനിതാ പൈലറ്റ്, നെതർലൻഡ്സിൽനിന്നുള്ള പതിനെട്ടുകാരനായ വിദ്യാർഥി ഒലിവർ ഡീമൻ (18) എന്നിവരാണു ബഹിരാകാശ വിനോദസംഘത്തിലുണ്ടായിരുന്നത്. ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയതും കുറഞ്ഞതുമായ വ്യക്തികളായി വാലിയും ഒലിവറും.
ഒരാഴ്ചയ്ക്കിടെ ബഹിരാകാശത്തു പോയി തിരിച്ചെത്തുന്ന രണ്ടാമത്തെ കോടീശ്വരനാണ് ബെസോസ്. ഒന്‍പതു ദിവസംമുന്പ് വെർജിൻ ഗലാക്റ്റിക്കിന്റെ റിച്ചാർഡ് ബ്രാൻസണ് ബഹിരാകാശ വിനോദസഞ്ചാരം നടത്തിയിരുന്നു.
ബ്രാൻസന്റെ പൈലറ്റുള്ള പേടകത്തിൽനിന്നു വ്യത്യസ്തമായി പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ക്യാപ്സൂളിലാണു ബെസോസ് യാത്ര നടത്തിയത്. യാത്രക്കാർക്കോ ന്യൂ ഷെപ്പേഡിനുള്ളിൽനിന്നോ ക്യാപ്സ്യൂളിനെ ഒരു തരത്തിലും നിയന്ത്രിക്കാനാവില്ല.
കുത്തനെ പറന്നുയരുകയും കുത്തനെ വന്നിറങ്ങുകയും ചെയ്യുന്ന വെർട്ടിക്കൽ ടേക്ക് ഓഫ്, വെർട്ടിക്കൽ ലാൻഡിംഗ് സാങ്കേതിക വിദ്യയിലാണു ന്യൂ ഷെപ്പേഡ് പറന്നത്.
അതിനാൽത്തന്നെ നീളൻ റണ്‍വേയും ആവശ്യമുണ്ടായിരുന്നില്ല. അമേരിക്കയുടെ മെർക്കുറി പ്രോഗ്രാമിന്റെ ഭാഗമായി 1961ൽ ആദ്യമായി സബ് ഓർബിറ്റൽ പറക്കൽ നടത്തിയ അലൻ ഷെപ്പേഡിന്റെ പേരാണ് ബഹിരാകാശ വാഹനത്തിനു നൽകിയത്.
ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തിലാണ് ബെസോസ് ബ്ലൂ ഒറിജിൻ കന്പനി ആരംഭിച്ചത്.